മാക് അലിസ്റ്റർക്ക് വേണ്ടിയുള്ള ലിവർപൂളിന്റെ നീക്കം അട്ടിമറിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു

ഖത്തർ ലോകകപ്പിൽ പകരക്കാരനായിറങ്ങി പിന്നീട് ടീമിലെ പ്രധാനിയായി വളർന്ന താരമാണ് അലക്‌സിസ് മാക് അലിസ്റ്റർ. ഇരുപത്തിനാലാം വയസിൽ ലോകകപ്പ് പോലെയൊരു ടൂർണമെന്റിൽ വളരെ പക്വമായ പ്രകടനം നടത്തിയ താരം അർജന്റീന ടീമിന്റെ കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി. ടൂർണമെന്റിനു ശേഷം താരത്തിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകളും രംഗത്തു വന്നിരുന്നു.

എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മറ്റൊരു ക്ലബിലേക്കും ചേക്കേറാൻ മാക് അലിസ്റ്റർ തയ്യാറായില്ല.താൻ കളിക്കുന്ന ബ്രൈറ്റണിൽ തന്നെ തുടർന്ന താരം സമ്മറിൽ മറ്റു ക്ലബുകളുടെ ഓഫറുകൾ പരിഗണിക്കുമെന്ന സൂചന നൽകിയിരുന്നു. സമ്മർ ട്രാൻസ്‌ഫർ ജാലകം അടുത്തിരിക്കെ താരത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്നെ ക്ലബായ ലിവർപൂളാണ് ശക്തമായി രംഗത്തുണ്ടായിരുന്നത്.

മാക് അലിസ്റ്റർ ലിവര്പൂളിലെക്ക് ചേക്കേറാൻ സമ്മതം മൂളിയെന്നും ട്രാൻസ്‌ഫർ നീക്കങ്ങൾ വളരെ അടുത്തുവെന്നുമാണ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ താരത്തിനായി നടത്തുന്ന നീക്കത്തെ അട്ടിമറിക്കാൻ മാഞ്ചസ്റ്റർ സിറ്റി രംഗത്തു വന്നിട്ടുണ്ട്.

ഈ സീസണിന് ശേഷം മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിൽ നിന്നും ഇൽകെയ് ഗുൻഡോഗൻ, ബെർണാഡോ സിൽവ എന്നീ താരങ്ങൾ മറ്റു ക്ളബുകളിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ട്. അതിനു പകരക്കാരാനെന്ന നിലയിലാണ് മാഞ്ചസ്റ്റർ സിറ്റി അലിസ്റ്റാർക്കായി ശ്രമം നടത്തുന്നത്. പ്രീമിയർ ലീഗിൽ താരത്തിന് പരിചയസമ്പത്തുള്ളത് പെപ് ഗ്വാർഡിയോള പ്രധാനമായി പരിഗണിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ വന്നാൽ മാക് അലിസ്റ്റർ അത് സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള താരത്തിന്റെ ആഗ്രഹം കൂടിയാണ് അതിലൂടെ നടപ്പിലാകാൻ പോകുന്നത്. അതിനു പുറമെ പെപ് ഗ്വാർഡിയോളയെന്ന മികച്ച പരിശീലകന് കീഴിൽ കളിച്ചാൽ കഴിവുകൾ മെച്ചപ്പെടുത്തി എടുക്കാനുള്ള അവസരവുമുണ്ട്.

Rate this post