മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ജേതാക്കൾ!! ചരിത്രമെഴുതി പെപ് ഗ്വാർഡിയോള|Manchester City

അറ്റാതുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ ഇന്റർ മിലാനെ ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.മത്സരത്തിൽ റോഡ്രിയുടെ രണ്ടാം പകുതിയിലെ ഗോളിലാണ് സിറ്റി ഇന്ററിനെ പരാജയപ്പെടുത്തിയത്.

പെപ് ഗ്വാർഡിയോളയെ ക്ലബ്ബിന്റെ മാനേജരായി കൊണ്ടുവന്നതുമുതൽ അവർ വേട്ടയാടിക്കൊണ്ടിരിക്കുന്ന യൂറോപ്യൻ ഫുട്‌ബോളിലെ അവരുടെ ആദ്യത്തെ ട്രെബിൾ നേടാനും ഈ വിജയം അവരെ സഹായിച്ചു.നേരത്തെ പ്രീമിയർ ലീ​ഗും എഫ് എ കപ്പും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു.ബാഴ്സലോണയ്ക്കുമൊപ്പം ഇതേ നേട്ടം കൈരിച്ചിട്ടുള്ള പെപ്പ് ഇതോടെ രണ്ട് തവണ ട്രെബിൾ നേടുന്ന ആദ്യ പരിശീലകനെന്ന ചരിത്രവും രചിച്ചു.രണ്ട് വ്യത്യസ്ത ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ മൂന്നാമത്തെ മാനേജർ കൂടിയാണ് ഗാർഡിയോള.ക്ലബിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ 2016 ൽ നിയമിച്ച പെപ് ഗാർഡിയോളയ്ക്ക് ഇത് അവിശ്വസനീയമായ നേട്ടം തന്നെയാണ്.

സിറ്റി ഗ്രൂപ്പിന്റെ ഷെയ്ഖ് മൻസൂറിന്റെ സാമ്പത്തിക ഇച്ഛാശക്തിക്ക് കീഴിൽ പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിലെ കരുത്തരാക്കി മാറ്റിയെങ്കിലും ചാമ്പ്യൻസ് ലീഗ് മാത്രം അകന്നു നിന്നിരുന്നു.സമീപ വർഷങ്ങളിലെ നിരവധി തിരിച്ചടികൾക്ക് ശേഷം സിറ്റി ഒടുവിൽ ടൂർണമെന്റിൽ വിജയിച്ചു.ഇത്തവണ ഒരു മത്സരം പോലും തോൽക്കാതെ യൂറോപ്യൻ ഫുട്ബോളിലെ അവരുടെ അധികാരത്തിന്റെ മുദ്ര ചാർത്തി. മത്സരത്തിന്റെ ആദ്യ പകുതിയിൽ സിറ്റിയെ ഇൻസാ​ഗിയുടെ ഇന്റർ പിടിച്ചുകെട്ടുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. സിറ്റിയുടെ സ്വതസിദ്ധമായി ശൈലിയിൽ കളിക്കാനുള്ള നീക്കങ്ങൾ ഇന്റർ സംഘടിതമായി തടഞ്ഞു.

പെപ് ഗ്വാർഡിയോളയുടെ ടീമിനെതിരെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഇരുപകുതികളിലും ഇന്ററിന് അവരുടെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായ ഒരു കഥയാകുമായിരുന്നു.രണ്ട് മികച്ച അവസരങ്ങൾ അവർ പാഴാക്കുകയും ചെയ്തു.മത്സരത്തിന്റെ 68-ാം മിനിറ്റിൽ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയാണ് സിറ്റിയെ മുന്നിലെത്തിച്ചത്. പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് ബെർണാഡോ സിൽവ തൊടുത്ത ക്രോസ്, ഇന്റർ താരത്തിൽ തട്ടിയെത്തിയത് റോഡ്രിയുടെ മുന്നിലേക്കാണ്. ഓടിയെത്തിയ റോ‍ഡ്രി ഒറ്റ ടച്ചിലൂടെ തന്നെ പന്ത് ഇന്റർ ​ഗോൾവലയുടെ ഇടതുമൂലയിലെത്തിച്ചു.തൊട്ടുപിന്നാലെ തന്നെ തിരിച്ചടിക്കാൻ ഇന്റർ അവസരം സൃഷ്ടിച്ചതാണ്.

എന്നാൽ നിർഭാ​ഗ്യത്തിന്റെ ദിവസമായിരുന്നു അവർക്ക്. പിന്നീട് മത്സരത്തിന്റെ 78-ാം മിനിറ്റിൽ ലീഡുയർത്താൻ ഒന്നന്തരമൊരു അവസരം ഫിൽ ഫോഡന് ലഭിച്ചതാണ്. എന്നാൽ ഇം​ഗ്ലീഷ് യുവതാരത്തിന്റെ ഷോട്ട് ഇന്റർ ​ഗോളി ആന്ദ്രേ ഒനാന തടുത്തിട്ടു. മത്സരത്തിന്റെ 89-ാം മിനിറ്റിൽ സമനില പിടിക്കാൻ കിടിലൻ ഒരു അവസരം ഇന്ററിന് ലഭിച്ചതാണ്. എന്നാൽ റൊമേലു ലുക്കാക്കുവിന്റെ ഹെഡ്ഡർ എഡേഴ്സൻ തടഞ്ഞു.

കളിയുടെ അവസാന നിമിഷങ്ങളിൽ അടക്കം ആകെ അഞ്ച് സേവുകൾ നടത്തി എഡേഴ്സൺ സിറ്റിയുടെ വിജയത്തിൽ നിർണായകമായി മാറി.ഫെഡറിക്കോ ഡിമാർക്കോയുടെ ഹെഡർ ടോപ് ബാറിൽ ഇടിച്ചു പോയതും സിറ്റിക്ക് രക്ഷയായി. സിറ്റി ഫൈനൽ വിസിൽ വരെ ലീഡ് നിലനിർത്തുകയും ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുകയും ചെയ്തു.

Rate this post