മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ നിന്നും പുറത്തു പോകുമോ, വന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ

അബുദാബി ആസ്ഥാനമായുള്ള സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ വളരെയധികം മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇക്കാലയളവിൽ ആറു പ്രീമിയർ ലീഗ് കിരീടമടക്കം ഒട്ടനവധി ആഭ്യന്തര കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഗ്വാർഡിയോള പരിശീലകനായി എത്തിയതിനു ശേഷം തങ്ങളുടെ ആധിപത്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയാണ് കഴിഞ്ഞ അഞ്ച് സീസണിൽ നാല് തവണയും പ്രീമിയർ ലീഗ് കിരീടം നേടിയത്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2009 വരെയുള്ള ഒൻപതു വർഷക്കാലയളവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സാമ്പത്തിക നിയമങ്ങൾ മാഞ്ചസ്റ്റർ സിറ്റി തെറ്റിച്ചുവെന്നാണ് കണ്ടെത്തൽ. ഇക്കാലയളവിൽ താരങ്ങളുടെയും പരിശീലകന്റെയും പ്രതിഫലം, ക്ലബിന്റെ വരുമാനം എന്നിവയിൽ മാഞ്ചസ്റ്റർ സിറ്റി കൃത്രിമത്വം കാണിച്ചുവെന്നും അവർ പറയുന്നു.

നൂറു തവണയിലധികം മാഞ്ചസ്റ്റർ സിറ്റി ഫിനാൻഷ്യൽ നിയമങ്ങൾ തെറ്റിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് തെളിയിക്കപ്പെട്ടാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പോയിന്റുകൾ വെട്ടിക്കുറക്കുകയോ ചിലപ്പോൾ പ്രീമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കുകയോ ചെയ്തേക്കാം. അതുകൊണ്ടു തന്നെ ഇപ്പോൾ ഉയർന്ന ആരോപണം മാഞ്ചസ്റ്റർ സിറ്റിക്കൊരിക്കലും നിസാരമായി തള്ളിക്കളയാൻ കഴിയില്ല.

ഈ ആരോപണങ്ങളിൽ ആശ്ചര്യമാണ് മാഞ്ചസ്റ്റർ സിറ്റി രേഖപ്പെടുത്തിയത്. ക്ലബ് പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം കൂടുതൽ വിശദമായ കാര്യങ്ങൾ ഈ സംഭവത്തിൽ പ്രതീക്ഷിക്കുന്നുവെന്നും ക്ലബ് നേതൃത്വം ഇതിനെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുമെന്നും അവർ വ്യക്തമാക്കി. സ്വതന്ത്രമായ ഒരു കമ്മീഷനെ വെച്ച് ഇത് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തികനയങ്ങൾ തെറ്റിച്ചിട്ടുണ്ടെന്നു പറയുന്ന കാലയളവിൽ മാഞ്ചസ്റ്റർ സിറ്റി മൂന്നു പ്രീമിയർ ലീഗ് ഉൾപ്പെടെ ആറു കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സംഭവം തെളിയിക്കപ്പെട്ടാൽ ഈ കിരീടനേട്ടങ്ങൾ വരെ അസാധുവായി മാറുമെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് ശേഷമേ ഇതിന്റെ യഥാർത്ഥ ചിത്രം വ്യക്തമാവൂ.

Rate this post