പിഴവുകളിൽ നിന്നും അവർ പഠിച്ചു കഴിഞ്ഞു, ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുൻതൂക്കമെന്ന് മുൻ റയൽ മാഡ്രിഡ് താരം

ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള സെമി ഫൈനൽ മത്സരം. പതിനഞ്ചാം കിരീടം ലക്ഷ്യമിട്ട് ടൂർണമെന്റിലെ രാജാക്കന്മാരായി അറിയപ്പെടുന്ന റയൽ മാഡ്രിഡും ക്ലബിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കിരീടം സ്വന്തമാക്കാൻ റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആരാധകർക്ക് ആവേശകരമായ അനുഭവം തന്നെയായിരിക്കും.

രണ്ടു ടീമുകൾക്കും തുല്യമായ സാധ്യതയാണുള്ളതെങ്കിലും നിലവിലെ ഫോം കണക്കാക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കാണ് സാധ്യത കൂടുതൽ. എന്നാൽ ഏതു മത്സരത്തെയും നിമിഷനേരം കൊണ്ട് മാറ്റിമറിക്കാൻ റയലിന് കഴിയുമെന്നതിൽ തർക്കമില്ല. അതേസമയം മുൻ റയൽ മാഡ്രിഡ് താരമായ ക്‌ളൗഡ്‌ മെക്കലേല പറയുന്നത് പിഴവുകളിൽ നിന്നും പാഠം പഠിച്ച മാഞ്ചസ്റ്റർ സിറ്റിക്കു തന്നെയാണ് മുൻതൂക്കമെന്നാണ്.

“റയൽ മാഡ്രിഡ് തന്നെയാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം, എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് മനസ്സിലായിട്ടുണ്ട് ചാമ്പ്യൻസ് ലീഗിൽ എങ്ങിനെയാണ് കളിക്കേണ്ടതെന്ന്. ഞാനിപ്പോഴും ഒരു റയൽ മാഡ്രിഡ് ആരാധകൻ തന്നെയാണ്, പക്ഷെ വിജയം നേടാൻ സിറ്റിക്ക് വലിയ സാധ്യതയുണ്ട്.” മാർക്കയോട് സംസാരിക്കേ മുൻ ചെൽസി താരം കൂടിയായ മെക്കലേല പറഞ്ഞു.

“മറ്റുള്ള വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമാണിപ്പോൾ, അവരൊരു മികച്ച ടീമായി മാറിയിട്ടുണ്ട്, ഒരുപാട് കാര്യങ്ങൾ ഈ ടൂർണമെന്റിൽ നിന്നും പഠിച്ചു. അവർ ഒരുപാട് തവണ തോറ്റു, പക്ഷെ പ്രീമിയർ ലീഗ് വിജയിച്ച് പരിചയസമ്പത്ത് ഉണ്ടാക്കി. ഗ്വാർഡിയോളക്ക് മനസ്സിലായിട്ടുണ്ട് ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ വ്യത്യസ്‌തമായൊരു കേളീ ശൈലി തന്നെ വേണമെന്ന്.” മെക്കലേല കൂട്ടിച്ചേർത്തു.

റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ആദ്യപാദ മത്സരം നടക്കുന്നത്. അതിൽ വിജയിച്ച് ഗ്വാർഡിയോളക്കും സംഘത്തിനും സമ്മർദ്ദം നൽകുകയെന്നതാവും റയൽ മാഡ്രിഡിന്റെ ഉദ്ദേശം. ലീഗിൽ മോശം ഫോമിലാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെൽ റേ ഫൈനൽ വിജയിച്ച് കിരീടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാവും റയൽ മാഡ്രിഡ് ഇറങ്ങുക.

3.7/5 - (4 votes)