ആഴ്സണലിനെയും കീഴടക്കി മാഞ്ചസ്റ്റർ സിറ്റി കുതിക്കുന്നു |Manchester City
എഫ്‌എ കപ്പിന്റെ നാലാം റൗണ്ടിൽ ആഴ്‌സണലിനെ 1-0ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഡിഫൻഡർ നഥാൻ അകെയുടെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ഫോമിലുള്ള ഗണ്ണേഴ്സിനെ പരാജയപ്പെടുത്തിയത്. പുതിയ സൈനിംഗ് ലിയാൻഡ്രോ ട്രോസാർഡ്, എൻകെറ്റിയ, ബുക്കയോ സാക്ക, ഗ്രാനിറ്റ് ഷാക്ക, ഗബ്രിയേൽ എന്നിവരെല്ലാം ആഴ്സണലിന്റെ ആദ്യ ഇലവനിൽ കളിച്ചു.
പെപ് ഗാർഡിയോള എർലിംഗ് ഹാലൻഡ്, കെവിൻ ഡി ബ്രൂയിൻ, റിയാദ് മഹ്രെസ്, ജാക്ക് ഗ്രീലിഷ് എന്നിവരെയും മാഞ്ചസ്റ്റർ സിറ്റിക്കായി കളത്തിലിറക്കി.മത്സരത്തിൽ ഇരുടീമുകളും ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും 64-ാം മിനിറ്റിൽ നഥാൻ അകെയുടെ ഗോൾ സിറ്റിക്ക് ജയം നേടിക്കൊടുത്തു.ജൂലിയൻ അൽവാരസിന്റെ ഒരു ഹാഫ്-വോളി ഷോട്ട് ഗ്രീലിഷിന്റെ കാലുകളിലേക്ക് തിരിച്ചുവന്നപ്പോൾ, രണ്ട് ആഴ്സണൽ ഡിഫൻഡർമാരെ മറികടന്ന് അദ്ദേഹം പന്ത് അകെയ്ക്ക് കൈമാറി. അവസരം കിട്ടിയപ്പോൾ അകെ ആഴ്‌സണൽ വല കുലുക്കി.
ഇന്നലെ രാത്രി എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന എഫ്‌എ കപ്പിൽ ആഴ്‌സണലിനെതിരെ മാഞ്ചസ്റ്റർ സിറ്റി വിജയിച്ചതോടെ 118 വർഷത്തെ ചരിത്രം ആവർത്തിച്ചു. അതായത്, 1904 ഫെബ്രുവരിയിൽ, മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ആദ്യമായി ഒരു എഫ്എ കപ്പ് മത്സരത്തിൽ ഏറ്റുമുട്ടി. അന്ന് മാഞ്ചസ്റ്റർ സിറ്റി 2-0ന് ജയിച്ചു. എന്നാൽ എഫ്‌എ കപ്പിൽ ഇരു ടീമുകളും നാല് തവണ ഏറ്റുമുട്ടി, നാലിലും ആഴ്‌സണൽ വിജയിച്ചു. 1904ന് ശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പിൽ ആഴ്സണലിനെ തോൽപ്പിക്കുന്നത്.
Ake’s goal today. #afc pic.twitter.com/ScFBZUqMcS
— DailyAFC (@DailyAFC) January 27, 2023
ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ കഴിഞ്ഞ 14 മീറ്റിംഗുകളിൽ 13 എണ്ണത്തിലും മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. നിലവിൽ പ്രീമിയർ ലീഗ് കിരീടത്തിനായി മത്സരിക്കുന്ന രണ്ട് ടീമുകളാണ് ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും. 19 കളികളിൽ നിന്ന് 50 പോയിന്റുമായി ആഴ്സണൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 20 കളികളിൽ നിന്ന് 45 പോയിന്റാണുള്ളത്.