ആ നീക്കവും പൊളിഞ്ഞു; സിറ്റിയുടെ മധ്യനിര ആശങ്കയിൽ
പ്രിമിയർ ലീഗ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ലൂക്കാസ് പക്വെറ്റയെ സ്വന്തമാക്കാനുള്ള നീക്കം അവസാനിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. താരത്തെ സ്വന്തമാക്കാനായി സിറ്റിയും വെസ്റ്റ് ഹാമും തമ്മിലുള്ള ചർച്ചകൾ ധാരണയിൽ എത്താത്തതോടെയാണ് സിറ്റി താരത്തിനായുള്ള നീക്കം അവസാനിപ്പിച്ചതെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
പക്വറ്റയ്ക്കായുള്ള നീക്കം അവസാനിച്ചത് സിറ്റി സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കാരണം ഇത്തവണ സിറ്റിയുടെ മധ്യനിര കഴിഞ്ഞ സീസണിലേത് അത്ര ശക്തമല്ല. സിറ്റി മധ്യനിരയുടെ പ്രധാന താരമായ ഗുണ്ടോഗൻ ബാഴ്സയിലേക്ക് പോയതും മറ്റൊരു താരമായ കെവിൻ ഡി ബ്രൂയിനിന്റെ ഫിറ്റ്‌നസിൽ ചെറിയ ആശങ്കയുമുള്ള സാഹചര്യത്തിൽ സിറ്റിയ്ക്ക് ഇത്തവണ മധ്യനിര കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.
കൂടാതെ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ച ഇംഗ്ലീഷ് മിഡ്ഫീൽഡർ കാൽവിൻ ഫിലിപ്പിനെ സിറ്റി ലോണിൽ അയക്കുകയും ചെയ്തു. ഇതോടെ സിറ്റി മധ്യനിരയ്ക്ക് കൂടുതൽ താരങ്ങളെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വെസ്റ്റ്‌ഹാമിന്റെ ബ്രസീലിയൻ താരത്തെ സിറ്റി നോട്ടമിട്ടത്. എന്നാൽ ആ നീക്കവും പരാജയപ്പെട്ടതോടെ സിറ്റിയുടെ മധ്യനിര ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്.
🚨 Manchester City's move to sign Lucas Paquetá has now totally COLLAPSED. It's off.
— Transfer News Live (@DeadlineDayLive) August 22, 2023
(Source: @SkySportsNews) pic.twitter.com/ql6Dvw51A7
25 കാരനായ പക്വറ്റ 2022 ലാണ് ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നും വെസ്റ്റ്ഹാമിൽ എത്തുന്നത്. വെസ്റ്റ് ഹാമിനായി 34 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. നേരത്തേ എസി മിലാന് വേണ്ടിയും കളിച്ച താരം ബ്രസീൽ ദേശീയ ടീമിനായി 42 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.