❝അടുത്ത സീസണിന് മുന്നോടിയായി ഒരു സൈനിംഗ് പോലും നടത്താതെ മാഞ്ചസ്റ്റർ യുണൈറ്റഡ്❞ |Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്തുരുളാൻ ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ക്ലബ്ബുകളെല്ലാം പുതിയ താരങ്ങളെ ടീമിലെത്തിച്ച് കൂടുതൽ ശക്തിയോടെ മുന്നേറാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ തവണ ലഭിച്ച സ്ഥാനത്തിൽ നിന്നും മുന്നേറാനായി പുതിയ തന്ത്രങ്ങളും ,പരിശീലകരെയും ,കളിക്കാരെയും , കോച്ചിങ് സ്റ്റാഫിനെയും എല്ലാം സ്വന്തമാക്കി പുതിയ സീസണിനായി ഒരുങ്ങുകയാണ് ഓരോ പ്രീമിയർ ലീഗ് ക്ലബും.

എന്നാൽ തങ്ങൾ എന്നും മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസണിലൂടെ കടന്നു പോയിട്ടും മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടില്ല. പുതിയ പരിശീലകനും ചീഫ് എക്സിക്യുട്ടവും എല്ലാം എത്തിയിട്ടും പുതിയ താരങ്ങൾ മാത്രം എത്തുന്നില്ല. പുതിയ സൈനിങ്ങിനായി കാത്തിരിക്കുന്ന ആരാധകരുടെ ക്ഷമ നശിച്ചിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ,ലിവർപൂളും ,ആഴ്‌സണലുമെല്ലാം വമ്പൻ താരങ്ങളെ ടീമിലെത്തിക്കുമ്പോൾ ഒരു സൈനിംഗിന് അടുത്ത് പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയിട്ടില്ല.

ട്രാൻസ്ഫർ വിൻഡോയിൽ അഞ്ച് കളിക്കാരെ സൈൻ ചെയ്യാൻ പുതിയ പരിശീലകൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ട്രാൻസ്ഫർ ചർച്ചകൾ വേഗത്തിൽ ആക്കാത്തത് യുണൈറ്റഡിന് വരും സീസണിൽ വലിയ തിരിച്ചടി ആകും.അയാക്‌സ് താരം ജൂറിയൻ ടിമ്പറും ബാഴ്‌സലോണയിൽ നിന്നുള്ള ഫ്രെങ്കി ഡി ജോംഗും, എറിക്സൺ, ആന്റണി എന്നിവരുടെ പേരുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും ഇവരിൽ എത്ര താരങ്ങൾ യുണൈറ്റഡിൽ എത്തും എന്നതിനെക്കുറിച്ച് ഉറപ്പൊന്നുമില്ല.യുണൈറ്റഡിൽ നിന്ന് പോഗ്ബ, മാറ്റ, ലിംഗാർഡ്, മാറ്റിച് എന്ന് തുടങ്ങി നിരവധി താരങ്ങൾ പോയിട്ടും ഇവർക്ക് പകരം താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല.

ഒരാഴ്ചയ്ക്കുള്ളിൽ പ്രീ-സീസൺ ആരംഭിക്കുന്നു, ട്രാൻസ്ഫർ വിൻഡോയിൽ കാര്യങ്ങൾ വളരെ വേഗത്തിൽ മാറുന്നില്ലെങ്കിൽ,എറിക് ടെൻ ഹാഗ് കാരിംഗ്ടണിലെ തന്റെ ആദ്യ ദിവസം തന്നെ പുതിയ കൂട്ടിച്ചേർക്കലുകളൊന്നും പ്രതീക്ഷിക്കുന്നില്ല.ഈ സീസണിൽ സ്ക്വാഡിലേക്ക് പുതിയ രക്തം ചേർക്കേണ്ടതിന്റെ ആവശ്യകത യുണൈറ്റഡിനുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ അഭാവം പല താരങ്ങളെയും ഓൾഡ് ട്രഫൊഡിൽ നിന്നും അകറ്റി നിരത്തുന്നുണ്ട്.

കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും 69 ഗോളുകൾ വഴങ്ങിയ ശേഷം ടെൻ ഹാഗിന് കീഴിൽ എത്ര പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തിയാലും പ്രതിരോധത്തിൽ യുണൈറ്റഡിന് ഗണ്യമായി മെച്ചപ്പെടേണ്ടതുണ്ട്.ക്ലബ്ബ് അയാക്സ് താരം ടിമ്പറിനെ അവരുടെ പ്രധാന പ്രതിരോധ ലക്ഷ്യമായി കാണുകയും ചെയ്യുന്നുണ്ട്.21-കാരന് റൈറ്റ് ബാക്കിലും സെന്റർ ബാക്കിലും പ്രവർത്തിക്കാൻ കഴിയും. പോഗ്ബയും മാറ്റിച്ചും പോയ ക്ഷീണം തീർക്കാൻ ഡി ജോംഗിനെയും എറിക്സണെയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.മുന്നേറ്റ നിരയിൽ റൊണാൾഡോക്ക് കൂട്ടായി മികച്ചൊരു യുവ ഗോൾസ്കോററെ യുണൈറ്റഡ് സൈൻ ചെയ്തേ മതിയാവു.

മികച്ച താരങ്ങളെ ടീമിലെത്തിച്ചില്ലെങ്കിൽ കഴിഞ്ഞതിനേക്കാൾ മോശം സീസൺ ആവും യുണൈറ്റഡിനെ കാത്തിരിക്കുന്നത്. ഫെർഗൂസൻ കാലഘട്ടത്തിൽ തുടർച്ചയായ പ്രീമിയർ ലീഗ് കിരീടം നേടി ഇംഗ്ലീഷ് ഫുട്ബോളിലും യൂറോപ്യൻ ഫുട്ബോളിലും ആധിപത്യം പുലർത്തിയ യുണൈറ്റഡിന് പഴയ പ്രതാപം പറഞ്ഞു കൊണ്ടിരിക്കാനെ സാധിക്കു. ഒരു കിരീടത്തിനായുള്ള അവരുടെ കാത്തിരിപ്പ് നീണ്ടുപോവുകയും ചെയ്യും.

Rate this post