മാഞ്ചസ്റ്റർ യുണൈറ്റഡും ഗൾഫിന്റെ അധീനതയിലേക്ക്, ചരിത്ര ക്ലബ്ബിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഖത്തർ ഷെയ്ക്ക് |Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ ഉടമകളായ ഗ്ലെസേഴ്‌സ് അതിനെ വിൽക്കാൻ ഒരുങ്ങുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപേ തന്നെ ക്ലബ്ബിനെ വിൽക്കാനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് അതിനു വേണ്ടിയുള്ള ബിഡിങ് ചൂടു പിടിച്ചിരിക്കുന്നത്. ഈ സീസൺ കഴിയുമ്പോഴേക്കും വിൽപ്പന പൂർത്തിയാക്കാനാണ് സാധ്യത.

നിലവിൽ ഖത്തറിൽ നിന്നുള്ള ഉടമകളാണ്‌ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കാൻ സാധ്യത കാണുന്നത്. ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ ചെയർമാനും ഖത്തറിലെ മുൻ പ്രധാനമന്ത്രിയുടെ മകനുമായ ഷേഖ് ജാസിം ബിൻ ഹമദ് അൽ താനി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബിഡ് സമർപ്പിച്ച കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ബില്യൺ പൗണ്ടാണ് അവർ ഓഫർ ചെയ്‌തിരിക്കുന്നത്‌.

ഖത്തറിൽ നിന്നുള്ള ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീകരിച്ചാൽ ഒരു സ്പോർട്ട്സ് ക്ലബ്ബിനെ ഏറ്റെടുക്കുന്നതിനായി നൽകുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാകുമിത്. ഇതിനു മുൻപ് എൻഎഫ്എൽ ടീമായ ഡെൻവർ ബ്രോങ്കോസിനെ ഏറ്റെടുക്കാൻ നൽകിയ തുകക്കാണ് നിലവിലെ റെക്കോർഡ്. 3.75 ബില്യൺ പൗണ്ട് ആയിരുന്നു ഡെൻവർ ബ്രോങ്കോസിനായി നൽകിയത്.

ബിഡ് നൽകിയ ഷേഖ് ജാസിം തന്റെ പത്താം വയസ് മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുരുഷ, വനിതാ ടീമുകൾക്കും സ്റ്റേഡിയം നവീകരിക്കുന്നതിനും പരിശീലന മൈതാനം മെച്ചപ്പെടുത്തുന്നതിനും ഓൾഡ് ട്രാഫോഡ് മൈതാനത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ മികച്ചതാക്കി മാറ്റുന്നതിനും നിക്ഷേപം നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അതേസമയം ഷേഖ് ജാസിം മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിനായി രംഗത്തു വരാൻ സാധ്യതയുള്ളത്. സ്റ്റാർലിങ്ക്സ് മേധാവിയായ ഇലോൺ മസ്‌കിനും ഇംഗ്ലീഷ് ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള താൽപര്യമുണ്ട്. എന്തായാലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യത ഉള്ളതിനാൽ തന്നെ കൂടുതൽ ബിഡ് വരാനുള്ള സാധ്യതയുണ്ട്.

Rate this post