മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്ററുമാണ് കടുപ്പമേറിയ എതിരാളികൾ, ഗാർഡിയോളയുടെ വാക്കുകൾ ഫാൻസിന് ആശങ്ക നൽകുന്നു

ഈ സീസണിലെ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബ്‌ ഏതാണെന്ന് ചോദിച്ചാൽ നമുക്ക് നിസ്സംശയം പറയാവുന്ന പേരാണ് മാഞ്ചസ്റ്റർ സിറ്റിയുടേത്. തുടർച്ചയായ മൂന്നാം സീസണിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ലീഗ് കിരീടം സ്വന്തമാക്കിയ പെപിന്റെ സംഘം ഇനി കാത്തിരിക്കുന്നത് ചാമ്പ്യൻസ് ലീഗ് ഫൈനലിനെയാണ്.

ജൂൺ 11-ന് തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പെപിന്റെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളിയായി എത്തുന്നത് ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനാണ്. സാക്ഷാൽ റയൽ മാഡ്രിഡിനെ തകർത്താണ് സിറ്റി ഫൈനലിൽ എത്തിയതെങ്കിൽ, നാട്ടങ്കത്തിൽ എസി മിലാനെ തോൽപ്പിച്ചാണ് ഇന്റർമിലാൻ വരുന്നത്.

എന്നാൽ ഈ യൂറോപ്യൻ ഫൈനൽ മത്സരം നടക്കുന്നതിനു ഒരാഴ്ച മുൻപ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു ഫൈനൽ കൂടി കളിക്കാനുണ്ട്. സീസണിലെ എഫ്എ കപ്പ്‌ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് ഡെർബി പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി നേരിടുന്നത്.പ്രധാനപ്പെട്ട രണ്ട് ഫൈനൽ മത്സരങ്ങൾ മുന്നിൽ നിൽക്കവേ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ ടീമുകൾ തങ്ങൾക്ക് കടുപ്പമേറിയ എതിരാളികളാണ് എന്ന് പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോള.

“മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഫൈനൽ മത്സരം തീർച്ചയായും വളരെ കടുപ്പമാണ്, എഫ്എ കപ്പ്‌ ഫൈനലിൽ അവർക്കെതിരെ വിജയം നേടി കപ്പ്‌ ഉയർത്തുക എന്നതും കടുപ്പമേറിയതാണ്. കൂടാതെ ഇന്റർ മിലാനെതിരെയുള്ള ഫൈനൽ മത്സരവും ഞങ്ങളെ സംബന്ധിച്ച് ബുദ്ദിമുട്ടുള്ളതാണ്.തീർച്ചയായും ഇറ്റാലിയൻ ടീമുകൾക്കതിരെ ഫൈനൽ മത്സരം കളിക്കുന്നത് ബുദ്ദിമുട്ട് നിറഞ്ഞതാണ്. ഞാൻ ഇറ്റലിയിൽ കളിച്ചിട്ടുള്ളതാണ്, അതിനാൽ എനിക്ക് ഫൈനൽ മത്സരങ്ങളിൽ ഇറ്റാലിയൻ ടീമുകളുടെ മെന്റാലിറ്റിയും ശക്തിയുമെല്ലാം എത്രത്തോളം അപകടകരമാണെന്നറിയാം.”

“അൽപ്പം വർഷങ്ങൾ മുൻപ് ഇറ്റാലിയൻ ലീഗയിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ലീഗ്, എല്ലാ താരങ്ങളും പരിശീലകന്മാരും അവിടെ പോകാൻ ആഗ്രഹിച്ചിരുന്നു. ഞാൻ ഈയിടെ ഇറ്റലിയിലുള്ള എന്റെ കൂട്ടുകാർക്ക് വിളിച്ചിരുന്നു. ഇന്റർ മിലാനെ നേരിടുന്നതിനെ കുറിച്ചു അവർ എന്നോട് പറഞ്ഞത് ജാഗ്രത വേണമെന്നാണ്, അതിനാൽ ഇന്റർ മിലാനേതിരായ മത്സരം കടുപ്പമേറിയതായാണ് ഞാൻ വിശ്വസിക്കുന്നത്.” – പെപ് പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടത്തിന് പിന്നാലെ എഫ്എ കപ്പ്‌, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടാനുള്ള സുവർണ്ണാവസരമാണ് സിറ്റിയുടെ മുന്നിലുള്ളത്. സൂപ്പർ താരനിര അണിനിരക്കുന്ന ടീം മികച്ച ഫോമിലാണ് എന്നത് പ്രതീക്ഷ നൽകുന്ന വസ്തുതയാണ്.

Rate this post