ഡി ഗിയ പുറത്തേക്ക്; പകരം സൂപ്പർ ഗോൾ കീപ്പർ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

സൂപ്പർ ഗോളി ഡേവിഡ് ഡിഗിയ അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്. ഡി ഗിയയ്ക്ക് പകരം യുണൈറ്റഡ് പുതിയ ഗോൾ കീപ്പർ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ബ്രെന്റ്ഫോർഡ് ഗോൾ കീപ്പർ ഡേവിഡ് റയ, പോർട്ടോ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ എന്നിവരിൽ ആരെയെങ്കിലും അടുത്ത സീസണിൽ ഒന്നാം നമ്പർ ഗോൾ കീപ്പറായി കൊണ്ട് വരാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു.

എന്നാലിപ്പോൾ മറ്റൊരു സൂപ്പർ ഗോൾ കീപ്പർക്ക് പിന്നാലെയാണ് യുണൈറ്റഡ് എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ ഡി ഗിയ അടുത്ത സീസണിൽ ചുവന്ന ചെകുത്താന്മാർക്കൊപ്പം ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.സ്പാനിഷ് ക്ലബ് വലൻസിയയുടെ ജോർജിയൻ ഗോൾകീപ്പർ ജിയോർജി മമർഡാഷ്വിലിയെയാണ് യുണൈറ്റഡ് ഡി ഗിയയ്ക്ക് പകരക്കാരനായി കൊണ്ട് വരൻ ശ്രമിക്കുന്നത്. ഗിവ്മീ സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം 45 മില്യൺ ട്രാൻസ്ഫർ തുക നൽകിയാണ് മമർഡാഷ്വിലിയെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നത്.

2011 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഡി ഗിയ ഇത് വരെ ക്ലബ്ബിനായി നാനൂറിലേറെ മത്സരങ്ങളിലാണ് ക്ലബ്ബിന്റെ ഗോൾ വല കാത്തത്. യുണൈറ്റഡ് ആരാധകരുടെ പ്രിയ താരമാണ് ഡി ഗിയ എങ്കിലും പരിശീലകൻ ടെൻ ഹാഗിന്റെ രീതിയ്ക്ക് യോജിച്ച താരമല്ലാത്തതിനാലാണ് 12 വർഷങ്ങൾക്ക് ശേഷം താരത്തിന് യുണൈറ്റഡിൽ നിന്നും പുറത്ത് പോകേണ്ടി വരുന്നത്. യുണൈറ്റഡ് വിടുന്ന താരം ഏത് ക്ലബ്ബിലേക്ക് പോകുമെന്ന കാര്യം വ്യക്തമല്ല.

22 കാരനായ മമർഡാഷ്വിലിയുമായി കരാറിലെത്തിയാൽ ക്ലബ്ബിന്റെ മറ്റൊരു ഗോൾ കീപ്പറും നിലവിൽ നോട്ടിങ്ങാം ഫോറസ്റ്റിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയും ചെയ്യുന്ന ഡീൻ ഹെൻഡേർസനെ യുണൈറ്റഡ് വിൽക്കുമെന്നും ഗിവ്മീ സ്പോർട്സിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ക്രിസ്റ്റൽ പാലസിൽ നിന്നും യുണൈറ്റഡ് ലോൺ അടിസഥാനത്തിൽ എത്തിച്ച ജാക്ക് ബട്ലാൻഡിനെയും സീസൺ അവസാനം ക്ലബ് തിരിച്ചയക്കും.

Rate this post