❝ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ടെൻ ഹാഗ് യുഗത്തിന് ആരംഭം❞

പുതിയ കോച്ച് എറിക് ടെൻ ഹാഗിന്റെ കീഴിൽ കളിച്ച ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.ബാങ്കോക്കിലെ രാജമംഗള സ്റ്റേഡിയത്തിൽ വെച്ച് നടന്ന പ്രീ-സീസൺ മത്സരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

ജാഡോൺ സാഞ്ചോ, ഫ്രെഡ്, ആന്റണി മാർഷ്യൽ, ഫാകുണ്ടോ പെല്ലിസ്‌ട്രി എന്നിവർ യുണൈറ്റഡിന്റെ ഗോളുകൾ നേടി.മൂന്ന് ഗോളുകളും കളിയുടെ ആദ്യ പകുതിയിലായിരുന്നു. കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ വിജയവഴിയിൽ എത്തിക്കാൻ സാധിച്ചത് കോച്ച് ടെൻ ഹാഗിനും ടീമിനും വലിയ ആത്മവിശ്വാസം പകരും.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ തകർത്തു വിട്ടത്.കളി തുടങ്ങി 13 മിനിറ്റിനുള്ളിൽ സാഞ്ചോ സ്കോറിംഗ് തുറന്നു.30 മിനിറ്റിൽ ഫ്രെഡ് തന്റെ ടീമിന്റെ ലീഡ് ഇരട്ടിയാക്കി. ബോക്സിന് പുറത്ത് നിന്ന് കിട്ടിയ പന്ത് ഗോൾ ലൈനിൽ നിന്ന് മുന്നിലേക്ക് കയറി നിന്നിരുന്ന അലിസണെ കബളിപ്പിച്ച് ഫ്രെഡ് ചിപ്പ് ചെയ്ത് വലയിലേക്ക് എത്തിച്ചു. ഈ മത്സരത്തിൽ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. 32ആം മിനുട്ടിൽ മാർഷ്യൽ അത് 3-0 ആക്കി.

രണ്ട് ടീമുകളും നിരവധി മാറ്റങ്ങൾ വരുത്തിയപ്പോൾ രണ്ടാം പകുതിയിൽ ഫാകുണ്ടോ പെല്ലിസ്‌ട്രി റെഡ് ഡെവിൾസിന്റെ നാലാമത്തെ ഗോൾ നേടി.ഇന്ന് രണ്ടാം പകുതിയിൽ പുതിയ സൈനിംഗ് ആയ ഡാർവിൻ നൂനസ് ലിവർപൂളിനായും മലസിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായും അരങ്ങേറ്റം നടത്തി.പ്രീസീസൺ ആണെങ്കിലും യുണൈറ്റഡിന് ഒരുപാട് പ്രതീക്ഷ നൽകുന്ന ഫലമാകും ഇത്.