റയൽ മാഡ്രിഡിന്റെ ആഗ്രഹം നടക്കില്ല, അർജന്റീന താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായി വമ്പൻ കരാറൊപ്പിടുന്നു |Manchester United

ക്ലബിനായി അരങ്ങേറ്റം നടത്തിയ കാലം മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷയുള്ള താരമാണ് അർജന്റീനയുടെ അലസാൻഡ്രോ ഗർനാച്ചോ. ഈ സീസണിന്റെ തുടക്കത്തിൽ എറിക് ടെൻ ഹാഗുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിന്റെ പേരിൽ പുറത്തിരുന്നെങ്കിലും ഇപ്പോൾ താരത്തിനു നിരന്തരം അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്.

പതിനെട്ടു വയസ് മാത്രമുള്ള ഗർനാച്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനം നടത്തുന്നത് യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. താരത്തിനായി റയൽ മാഡ്രിഡും നീക്കങ്ങൾ ആരംഭിക്കുണ്ടായി. സ്പെയിനിൽ ജനിച്ച താരം അത്ലറ്റികോ മാഡ്രിഡിന്റെ അക്കാദമിയിൽ കളിച്ചിട്ടുണ്ട്. സ്പൈനിലേക്ക് തിരിച്ചെത്താൻ താരത്തിനുള്ള ആഗ്രഹം മുതലെടുക്കാമെന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിച്ചത്.

എന്നാൽ റയൽ മാഡ്രിഡിന്റെ ആഗ്രഹം നടക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി അർജന്റീന താരം പുതിയ കരാർ ഒപ്പിടാനൊരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം അഞ്ചര വർഷത്തേക്കുള്ള കരാറാണ് താരം ക്ലബുമായി ഒപ്പിടുന്നത്. ഇതോടെ 2028 വരെ ഗർനാച്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായി തുടരും.

താരത്തിന്റെ പ്രതിഫലവും ഇതോടെ കുതിച്ചുയരും. നിലവിൽ ഒരു ആഴ്‌ചയിൽ ഏഴായിരം പൗണ്ടാണ് താരത്തിന് ലഭിക്കുന്നത്. അതിൽ നിന്നും ആഴ്‌ചയിൽ മൂന്നു ലക്ഷം പൗണ്ടായി താരത്തിന്റെ പ്രതിഫലം മാറും. യുണൈറ്റഡ് ആദ്യത്തെ കരാർ ഓഫർ ചെയ്‌തത്‌ താരം നിരസിച്ചെങ്കിലും പുതിയ കരാർ സ്വീകരിച്ചത് ക്ലബിന് ആശ്വാസമാണ്. യുണൈറ്റഡിന്റെ ഭാവിതാരമായി അറിയപ്പെടുന്ന കളിക്കാരനാണ് ഗർനാച്ചോ.