ചെൽസിയുടെ ട്രാൻസ്‌ഫർ നീക്കങ്ങൾ അട്ടിമറിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലക്‌ഷ്യമിടുന്നത് ബാഴ്‌സലോണ താരത്തെ
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് യോഗ്യത നേടിയില്ലെന്നതു കൊണ്ടു തന്നെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലക്ഷ്യമിട്ട താരങ്ങളെയൊന്നും ടീമിന്റെ ഭാഗമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ല. പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷം ലിവർപൂളിനെതിരെ വിജയം നേടിയെങ്കിലും ഈ സീസണിൽ എന്തെങ്കിലും നേട്ടങ്ങൾ കൊയ്യണമെങ്കിൽ ടീമിനെ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അവരുടെ പ്രകടനത്തിൽ നിന്നും വ്യക്തമായിരുന്നു. അതിനു വേണ്ടി ട്രാൻസ്‌ഫർ ജാലകം അവസാനിക്കാനിരിക്കെ പുതിയ താരങ്ങളെ സ്വന്തമാക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
നിരവധി താരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമുണ്ടെങ്കിലും ഏറ്റവും പുതിയതായി അവരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് ബാഴ്‌സലോണയുടെ മുന്നേറ്റനിര താരമായ പിയറി എമറിക്ക് ഒബാമയാങിലാണ്. മുപ്പത്തിമൂന്നു വയസുള്ള ഗാബോൺ താരത്തിനായി ചെൽസിയും രംഗത്തുണ്ടെങ്കിലും അതിനെ അട്ടിമറിച്ച് ഓബയെ ടീമിന്റെ ഭാഗമാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ഇറ്റാലിയൻ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ജിയാൻലൂക്ക ഡി മർസിയോയാണ് ഒബാമയങ്ങിനെ ടീമിന്റെ ഭാഗമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമുണ്ടെന്ന കാര്യം റിപ്പോർട്ടു ചെയ്‌തത്.
ആഴ്‌സണലിൽ നിന്നും ഫ്രീ ഏജന്റായി കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലെത്തിയ ഒബാമയാങ് മികച്ച പ്രകടനം ടീമിനു വേണ്ടി കാഴ്‌ച വെച്ചിരുന്നു. എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിൽ നിന്നും റോബർട്ട് ലെവൻഡോസ്‌കി ടീമിലെത്തിയതോടെ താരത്തിന്റെ അവസരങ്ങൾ പരിമിതമായിട്ടുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ഒബാമയങ്ങിനെ വിൽക്കേണ്ട ആവശ്യമില്ലെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ താരം ബാഴ്‌സലോണ വിടുന്നത് പരിഗണിക്കുന്നുണ്ട്.
Manchester United 'make approach for Pierre-Emerick Aubameyang' https://t.co/3UhDHBMlej pic.twitter.com/B67tGGfSYi
— MailOnline Sport (@MailSport) August 27, 2022
ആഴ്‌സണലിൽ മുൻപ് കളിച്ചിരുന്ന സമയത്ത് പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ള ഒബാമയാങിന് ഇംഗ്ലണ്ടിൽ പരിചയസമ്പത്തുണ്ടെന്നത് താരത്തെ സ്വന്തമാക്കാൻ കഴിയുന്ന ടീമിന് മുതൽക്കൂട്ടായിരിക്കും. ഗോളുകൾ കണ്ടെത്താൻ പരാജയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും താരത്തെ ലഭിച്ചാൽ ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുറപ്പാണ്. ഇവരിൽ ആരായിരിക്കും മുൻ ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കറെ റാഞ്ചുകയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.