മണ്ടത്തരങ്ങളുടെ ആറാട്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്പയിൽ നിന്നും പുറത്തിട്ട് സെവിയ്യ

ഈ സീസണിൽ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ യൂറോപ്പ ലീഗിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ടീം. എന്നാൽ യൂറോപ്പ ലീഗിലെ രാജാക്കന്മാർ തങ്ങളാണെന്ന് തെളിയിച്ചാണ് കഴിഞ്ഞ ദിവസം സെവിയ്യ ഇംഗ്ലീഷ് ക്ലബ്ബിനെ കീഴടക്കി സെമി ഫൈനലിലേക്ക് മുന്നേറിയത്. സെവിയ്യയെ സഹായിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ വമ്പൻ പിഴവുകളും.

ആദ്യപാദത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ സെല്ഫ് ഗോളുകളാണ് സെവിയ്യക്ക് സമനില നേടിക്കൊടുത്തത്. രണ്ടു ഗോളിന് മുന്നിൽ നിന്നിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന മിനിറ്റുകളിൽ രണ്ടു സെൽഫ് ഗോളുകൾ വഴങ്ങി. അതിനു ശേഷം ഇന്നലെ നടന്ന രണ്ടാംപാദ മത്സരത്തിൽ സെവിയ്യ മൂന്നു ഗോളുകൾക്ക് വിജയം നേടിയപ്പോൾ രണ്ടു ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ വകയായിരുന്നു.

സെവിയ്യയുടെ ആദ്യഗോൾ ഡി ഗിയയും മഗ്വയറും വരുത്തിയ പിഴവിൽ നിന്നായിരുന്നു. മൂന്നു താരങ്ങൾ പ്രസ് ചെയ്യാൻ നിൽക്കുന്ന മാഗ്വയർക്ക് പന്ത് നൽകിയ ഡി ഗിയയുടെ തീരുമാനം പിഴച്ചു. പന്ത് പാസ് നൽകാൻ മഗ്വയർ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. പാസ് തടസപ്പെടുത്തി നേടിയ പന്തെടുത്ത സെവിയ്യ താരം നെസിരി അനായാസം വലകുലുക്കി എട്ടാം മിനുട്ടിൽ തന്നെ സെവിയ്യയെ മുന്നിലെത്തിച്ചു.

എണ്പത്തിയൊന്നാം മിനുട്ടിലാണ് അടുത്ത അബദ്ധം വരുന്നത്. ഡി ഗിയ തന്നെയായിരുന്നു ഇത്തവണയും വില്ലൻ. ഉയർന്നു വന്ന പന്ത് തന്റെ കാലിലൊതുക്കാൻ ഡി ഗിയക്ക് കഴിയാതെ വന്നപ്പോൾ പന്ത് ലഭിച്ച നെസിറി ഇത്തവണയും വല കുലുക്കി. ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിലേക്ക് താരം പന്ത് പായിച്ചതോടെ സെവിയ്യ മൂന്നു ഗോൾ വിജയം നേടി. അതിനു മുൻപ് ലോയ്ക്ക് ബെഡ് ആണ് ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയത്.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ സീസണിൽ യൂറോപ്പ ലീഗ് നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹങ്ങൾ അവസാനിച്ചു. ഇനി പ്രീമിയർ ലീഗിൽ ടോപ് ഫോറിന് വേണ്ടിത്തന്നെ ടീം പോരാടേണ്ടി വരും. അതേസമയം യൂറോപ്പ ലീഗ് സെമിയിലെത്തിയ സെവിയ്യക്ക് യുവന്റസാണ് എതിരാളികൾ.

1/5 - (1 vote)