ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണിനെതിരെ നേടിയ രണ്ടു ഗോളിന്റെ ജയത്തോടെ പോയിന്റ് ടേബിളിൽ ന്യൂ കാസിലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മക്‌ടോമിനയും ആന്റണി മാർഷ്യലും നേടിയ ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർപ്പൻ ജയം.
എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡ് ടീം 29 കളികളിൽ നിന്ന് 56 പോയിന്റുമായി ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള മത്സരത്തിലാണ്, ഒരു കളി കയ്യിലിരിക്കുന്ന ന്യൂകാസിലിനേക്കാൾ മൂന്ന് മുന്നിലും ടോട്ടൻഹാം ഹോട്‌സ്‌പറിനേക്കാൾ ആറ് പോയിന്റിന്റെയും ലീഡുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യമാണ് ആദ്യ പകുതിയിൽ കാണാൻ സാധിച്ചത്.12-ാം മിനിറ്റിൽ ആന്റണിയുടെ ഷോട്ട് ആരോൺ വാൻ-ബിസാക്കയിലേക്ക് റീബൗണ്ട് ചെയ്തപ്പോൾ യുണൈറ്റഡിന് ആദ്യ ഗോൾ നേടാനുള്ള അവസരം ലഭിച്ചു.
ഇരുപതാം മിനിറ്റിൽ എല്ലിസ് സിംസിനാണ് എവർട്ടന്റെ മികച്ച അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ ഷോട്ട് കീപ്പർ ഡേവിഡ് ഡി ഗിയയെ കീഴടക്കിയെങ്കിലും പുറത്തേക്ക് പോയി.36-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് കൊടുത്ത പാസിൽ നിന്നും മക്‌ടോമിന മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാർഷ്യൽ 71 ആം മിനുട്ടിൽ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി.
മത്സരത്തിന്റെ അവസാന പത്തു മിനുട്ടിൽ പരിക്കിൽ നിന്നും മോചിതനായ എറിക്‌സൺ ഇറങ്ങിയത് ആരാധകർക്ക് ആശ്വാസമായി. 29 മത്സരങ്ങളിൽ നിന്നും 56 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്തും 27 പോയിന്റുമായി എവെർട്ടൻ 16 ആം സ്ഥാനത്തുമാണ്.