ആന്റണി അരങ്ങേറ്റം കുറിക്കുമോ? പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ഏറ്റുമുട്ടുമ്പോൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആരാധകരിൽ ആവേശം നിറക്കുന്ന മത്സരമായിരിക്കും നടക്കാൻ പോകുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രീമിയർ ലീഗിൽ ആദ്യത്തെ അഞ്ചു മത്സരങ്ങളിലും വിജയം നേടിയ ഒരേയൊരു ടീമായ ആഴ്‌സണൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി നിൽക്കുമ്പോൾ തുടക്കത്തിലേ തിരിച്ചടികളിൽ നിന്നും മുക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം നടന്ന മൂന്നു മത്സരങ്ങളിലും വിജയം നേടിയാണ് ഗണ്ണേഴ്‌സിനെ നേരിടാൻ ഒരുങ്ങുന്നത്.

ഓൾഡ് ട്രാഫോഡിലാണ് മത്സരമെന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുൻ‌തൂക്കം നൽകുന്ന കാര്യമാണ്. അതിനു പുറമെ ആദ്യത്തെ രണ്ടു മത്സരങ്ങളിലെ തോൽവിക്കു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന രണ്ടു സൈനിംഗുകൾ നടത്തുകയും ചെയ്‌തു. കസമീറോ, ആന്റണി എന്നീ താരങ്ങളാണ് പുതിയതായി ക്ലബിലെത്തിയത്. ഇതിൽ കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. കസമീറോ ട്രാൻസ്‌ഫർ പ്രഖ്യാപിച്ചതിനു ശേഷം എല്ലാ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയിട്ടുമുണ്ട്. അയാക്‌സിൽ നിന്നും വമ്പൻ തുകയുടെ ഡീലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആന്റണി ആഴ്‌സണലിനെതിരെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം മൈക്കൽ അർടെട്ടയുടെ കീഴിൽ ഈ സീസണിൽ വലിയ കുതിപ്പാണ് ആഴ്‌സണൽ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ച ഗണ്ണേഴ്‌സ്‌ നടത്തുന്ന മികച്ച പ്രകടനത്തിനൊപ്പം അവരുടെ മനോഭാവം ഒരു ചാമ്പ്യൻ ടീമിന്റേതാണെന്നു കൂടി എടുത്തു പറയേണ്ടതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോഡിൽ അവർക്ക് വിജയം നേടാൻ കഴിഞ്ഞാൽ ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടത്തിനു ശക്തമായ വെല്ലുവിളി തങ്ങൾ ഉയർത്തുമെന്ന് അവർ വ്യക്തമാക്കും. ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഒഡേഗാർഡ്, ബുക്കായോ സാക്ക, വില്യം സാലിബ എന്നീ താരങ്ങളാണ് ആഴ്‌സനലിന്റെ പ്രധാന കരുത്ത്.

അതേസമയം മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സനലിനെ തന്നെ കീഴടക്കി തങ്ങൾ തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് തെളിയിക്കുകയാവും നാളെ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. തനിക്കു വേണ്ട താരങ്ങളെ എത്തിച്ച് ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കുന്ന പരിശീലകൻ എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ തന്നെയാണ് ആരാധകർ വിശ്വാസമർപ്പിക്കുന്നത്. കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് ഈ വിജയങ്ങൾ അദ്ദേഹം നേടുന്നത്. നാളെ രാത്രി 9 മണിക്കാണ് ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരം.