സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 13 കളിക്കാരെ ഒഴിവാക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United
കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് എത്തിയതിനു ശേഷം ക്ലബിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ ക്ലബിന്റെ ഭാവി തന്റെ കയ്യിൽ സുരക്ഷിതമാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു കിരീടം സ്വന്തമാക്കിയ ടീമിന് ഇനിയും രണ്ടു കിരീടങ്ങൾ കൂടി സ്വന്തമാക്കാൻ കഴിയും. പ്രീമിയർ ലീഗ് ടോപ് ഫോറും മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രാപ്യമല്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നോട്ടു പോക്ക് ശരിയായ ദിശയിലാണെന്ന് വ്യക്തമാകുന്നതോടെ എറിക് ടെൻ ഹാഗിന് ടീമിന് കൂടുതൽ സ്വാതന്ത്ര്യം നൽകാനൊരുങ്ങുകയാണ് ക്ലബ് നേതൃത്വം. കഴിഞ്ഞ സമ്മറിൽ തന്നെ ഏതാനും സൈനിംഗുകൾ ഉണ്ടായെങ്കിലും അതിനു പുറമെ പുതിയ താരങ്ങൾ ഈ സമ്മറിൽ ടീമിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഇതിനു പുറമെ ടെൻ ഹാഗിന് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിന് പദ്ധതിയുണ്ട്. ഇത്തരത്തിൽ പതിമൂന്നു താരങ്ങളെ വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ പത്തോളം താരങ്ങൾ ആരൊക്കെയാണെന്ന് കാര്യത്തിൽ തീരുമാനവും ആയിട്ടുണ്ട്.
ആന്തണി എലാങ്ക, എറിക് ബെയ്‌ലി, ഹാരി മഗ്വയർ, വാൻ ബിസാക, അലക്‌സ് ടെല്ലസ്, വാൻ ഡി ബിക്ക്, ആന്റണി മാർഷ്യൽ, അമദ് ദിയല്ലോ, ഫാകുണ്ടോ പെല്ലിസ്ട്രി എന്നിവരാണ് ലോൺ അടിസ്ഥാനത്തിലോ സ്ഥിരം കരാറിലോ ടീം വിടാൻ സാധ്യതയുള്ളത്. ഇതിനു പുറമെ ആരെയൊക്കെ ഒഴിവാക്കണമെന്ന കാര്യത്തിൽ സീസണിന് ശേഷം യുണൈറ്റഡ് തീരുമാനമെടുക്കും.
കഴിഞ്ഞ സമ്മറിൽ ഫസ്റ്റ് ടീമിൽ ഉണ്ടായിരുന്ന പത്തോളം താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കിയിരുന്നു. എന്നാൽ ഇവരുടെ ട്രാൻസ്ഫറിൽ നിന്നും പത്തു മില്യൺ യൂറോയോളം മാത്രമാണ് അവർക്ക് ലഭിച്ചത്. പോഗ്ബയടക്കം ചില താരങ്ങൾ ഫ്രീ ഏജന്റായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്.
Reports suggest Manchester United are preparing for a summer clear-out with up to 13 players set to leave Old Trafford 🔴🗞️
— Sky Sports News (@SkySportsNews) April 11, 2023
അതേസമയം നിലവിൽ ബയേർ ലെവർകൂസൻ താരമായ ജെറമീ ഫിംപൊങ്ങുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ. അതിനു പുറമെ ഒരു മധ്യനിര താരം, ഒരു സ്‌ട്രൈക്കർ, റൈറ്റ് ബാക്ക്, സെന്റർ ബാക്ക് എന്നിവരെയും അടുത്ത സീസണിലേക്കായി സ്വന്തമാക്കാനാണ് ടെൻ ഹാഗ് ഒരുങ്ങുന്നത്.