ചെൽസിയുടെ രീതി പിന്തുടരരുത്, മുന്നറിയിപ്പുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം മികച്ച കുതിപ്പാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. ഈ സീസണിൽ ഒരു കിരീടം സ്വന്തമാക്കിയ അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുകയും ചെയ്‌തു. ഇനി എഫ്എ കപ്പ് കിരീടം കൂടി സ്വന്തമാക്കാൻ അവസരമുള്ള ക്ലബ് അടുത്ത സീസണിലേക്കായി ടീമിനെ കൂടുതൽ മികച്ചതാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അടുത്ത സീസണിലേക്കായി ഒരുക്കങ്ങൾ നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന് കൂടുതൽ പ്രതീക്ഷ നൽകുന്ന കാര്യമാണ് ഖത്തറിൽ നിന്നുള്ള ഷെയ്ഖ് ജാസിം ക്ലബ്ബിനെ ഏറ്റെടുക്കുമെന്നത്. ഇദ്ദേഹം ക്ലബ്ബിനെ സ്വന്തമാക്കിയാൽ വലിയ തുക തന്നെ ട്രാൻസ്‌ഫറിനായി ചിലവാക്കപ്പെടും. എന്നാൽ അക്കാര്യത്തിൽ ഇക്കഴിഞ്ഞ സീസണിലെ ചെൽസിയെ മാതൃകയാക്കരുതെന്ന മുന്നറിയിപ്പ് എറിക് ടെൻ ഹാഗ് നൽകുകയുണ്ടായി.

“ചെൽസിയുടെ സാഹചര്യം ഫണ്ട് ബുദ്ധിപരമായി ചിലവഴിക്കണമെന്ന കാര്യം വ്യക്തമാക്കുന്നു. മികച്ച താരങ്ങളുടെയും പരിശീലകന്റെയും അതുപോലെ തന്നെ പണത്തിന്റെയും കൃത്യമായ ഒരു കേന്ദ്രീകരണമുണ്ടാകണം, അതീ രാജ്യത്തുണ്ട്. അതുകൊണ്ടു തന്നെയാണ് ഇവിടെ ഒരു മികച്ച മത്സരം ഉണ്ടാകുന്നത്, അതുപോലെ തന്നെ അതൊരു ബുദ്ധിമുട്ടേറിയ മത്സരം കൂടിയാണ്.”

“കൃത്യമായ കാര്യങ്ങൾ നമ്മൾ ചെയ്യണം, പണമുണ്ടെങ്കിലും അത് ചിലവഴിക്കുന്നത് വളരെ ബുദ്ധിപരമായ രീതിയിലായിരിക്കണം, അതിനു കൃത്യമായ ഒരു തന്ത്രവും ആവിഷ്കരിക്കണം. അതല്ലെങ്കിൽ പണം കൃത്യമായ ജോലി ചെയ്യില്ല. ഒരു തന്ത്രവും ഇല്ലെങ്കിൽ, അത് ശരിയായ തന്ത്രവുമല്ലെങ്കിൽ പണം നമുക്ക് വേണ്ട രീതിയിൽ ഫലം തരില്ല.” എറിക് ടെൻ ഹാഗ് പറഞ്ഞു.

ടോഡ് ബോഹ്‍ലി ക്ലബ്ബിന്റെ ഉടമയായതിനു ശേഷം അറുനൂറു മില്യൺ യൂറോയിലധികമാണ് കഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിൽ ചെൽസി മുടക്കിയത്. എന്നാൽ ഫോം കണ്ടെത്താൻ കഴിയാതെ പോയ ക്ലബ് ഇപ്പോൾ പന്ത്രണ്ടാം സ്ഥാനത്താണ്. അടുത്ത സീസണിൽ പരിശീലകനായി എത്തുന്ന പോച്ചട്ടിനോ ഇതിൽ മാറ്റമുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ക്ലബ് നേതൃത്വം.

Rate this post