മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ വരുത്തേണ്ട നിർണായക മാറ്റം വെളിപ്പെടുത്തി ലിവർപൂൾ ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശൈലിയനുസരിച്ച് മധ്യനിരയിൽ പോഗ്ബയേയും ബ്രൂണോ ഫെർണാണ്ടസിനെയും ഒരുമിച്ചു കളിപ്പിക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ലെന്ന് ലിവർപൂളിന്റെ ഇതിഹാസ താരമായ ജേമി കരാഗർ. ചെൽസിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിലായിരുന്നു പോഗ്ബ. വാൻ ബീക്ക്, മാറ്റിച്ച് എന്നിവരും ആദ്യ ഇലവനിൽ ഇറങ്ങാതിരുന്നതോടെ ഏതാണ്ട് 200 മില്യൺ യൂറോയോളം വരുന്ന മധ്യനിര താരങ്ങളാണ് യുണൈറ്റഡിന്റെ ബെഞ്ചിലായത്. മത്സരം സമനിലയിലാണു പിരിഞ്ഞത്.

മൺഡേ നൈറ്റ് ഫുട്ബോളിനോടു സംസാരിക്കുമ്പോഴാണ് കരാഗർ യുണൈറ്റഡ് മധ്യനിരയുടെ പ്രധാന പ്രശ്നം വെളിപ്പെടുത്തിയത്. “പോഗ്ബയെ ബെഞ്ചിലിരുത്തിയതിനു ഞാൻ സോൾഷയറിനെ അഭിനന്ദിക്കുന്നു. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിനു ശേഷം ഞാനിക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഫെർണാണ്ടസിനും പോഗ്ബക്കും ഒരിക്കലും ഒരുമിച്ചു കളിക്കാൻ കഴിയില്ല.”

“വാൻ ബീക്കിനെ എന്തിനാണു യുണൈറ്റഡ് വാങ്ങിയതെന്നു മനസിലാവുന്നില്ല. ടീമിൽ എവിടെയാണ് അദ്ദേഹം ഫിറ്റ് ആവുകയെന്നും. യുണൈറ്റഡ് വാൻ ബീക്കിനെ സ്വന്തമാക്കിയപ്പോൾ അദ്ദേഹം നമ്പർ ടെൻ പൊസിഷനിൽ കളിക്കുമെന്നാണു കരുതിയത്. പോഗ്ബക്കും ഫെർണാണ്ടസിനും അതേ പൊസിഷനിൽ കളിക്കാൻ കഴിയും.”

“ഫ്രഡും മക്ടോമിനിയും മധ്യനിരയിൽ കളിക്കുന്നതാണു നല്ലത്. എന്നാൽ ആ രണ്ടു താരങ്ങളെയും വച്ചു പ്രീമിയർ ലീഗ് യുണൈറ്റഡിനു നേടാൻ കഴിയില്ല. പോഗ്ബയെ ടീമിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നതാണു യുണൈറ്റഡിന്റെ പ്രശ്നമെന്നാണു ഞാൻ കരുതുന്നത്.” കരാഗർ വ്യക്തമാക്കി.

Rate this post