ഓൾഡ് ട്രഫോർഡിൽ ” CR 7″ ഷോ ; ആഴ്സനലിനെതിരെ ആവേശ ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്

കരിയറിന്റെ തുടക്കത്തിൽ അനേകം അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് വേദിയായ ഓൾഡ് ട്രഫോർഡിലെ മൈതാനത്ത് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ നിറഞ്ഞാടിയപ്പോൾ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ 3-2 എന്ന സ്കോറിന് ആഴ്‌സനലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തിയറിയിച്ചു.അവസാന കുറച്ച് ദിവസങ്ങളായി റൊണാൾഡോയ്ക്ക് നേരെ ഉയർന്നിരുന്ന ട്രോളുകളും വാർത്തകളും ഒക്കെ ഉള്ള മറുപടി ആയി ഇന്നത്തെ റൊണാൾഡോയുടെ പ്രകടനം.

ഓൾഡ്ട്രാഫോർഡിൽ ആഴ്സണൽ ആണ് മികച്ച രീതിയിൽ തുടങ്ങിയത്. രണ്ടാം മിനുട്ടിൽ തന്നെ വൈറ്റിന്റെ ഒരു ഗോളെന്ന് ഉറച്ച ശ്രമം റാഷ്ഫോർഡാണ് ക്ലിയർ ചെയ്ത് യുണൈറ്റഡിനെ രക്ഷിച്ചത്.സ്മിത്ത് റോവിന്റെ വിവാദ ഗോളിൽ 13 ആം മിനിറ്റിൽ ആഴ്സനലാണ് ആദ്യം ലീഡ് നേടുന്നത്. ആഴ്സനൽ കോർണർ കിക്കിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരം ഫ്രെഡിന്റെ ബൂട്ട് തട്ടി പരിക്കേറ്റ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ പോസ്റ്റിന് മുന്നിൽ വീണു. എന്നാൽ, റഫറി ഫൗൾ വിസിൽ മുഴക്കുന്നതിന് മുമ്പ് സ്മിത്ത് റോവിന്റെ ഷോട്ട് ഗോൾവര കടന്നിരുന്നു. വീഡിയോ അസിസ്‌റ്റന്റ് റഫറിയുടെ സഹായത്തോടെ ആഴ്സനലിന് ഗോൾ അനുദിക്കുകയായിരുന്നു.

ആദ്യ പകുതിയുടെ അവസാനം ബ്രൂണോ ആണ് യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തിയത്. രണ്ടു മാസങ്ങൾക്ക് ശേഷം ഒരു ബ്രൂണോ ഗോൾ എത്തിയതോടെ ആദ്യ ലകുതി യുണൈറ്റഡ് 1-1 എന്ന രീതിയിൽ അവസാനിപ്പിച്ചു. ഫ്രെഡായിരുന്നു ആ ഗോൾ ഒരുക്കിയത്.52ആം മിനുട്ടിൽ റാഷ്ഫോർഡ് വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ലക്ഷ്യത്തിൽ എത്തിച്ച് റൊണാൾഡോ യുണൈറ്റഡിനെ 2-1ന് മുന്നിൽ എത്തിച്ചു. റൊണാൾഡോയുടെ കരിയറിലെ 800ആമത്തെ ഗോളായിരുന്നു ഇത്.ഈ ലീഡ് 2 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. മാർട്ടിനെല്ലിയുടെ ഒരു കട്ബാക്ക് പാസിൽ നിന്ന് ഒരു പെസ് ഗെയിമിൽ എന്ന പോലെ എളുപ്പത്തിൽ ആഴ്സണൽ സമനില ഗോൾ കണ്ടെത്തി. സ്കോർ 2-2.

70 ആം മിനിറ്റിൽ ഫ്രെഡിനെ ഒഡെഗാഡ് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ അനായാസം വലയിലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡും വിജയവും സമ്മാനിച്ചു. ജയത്തോടെ 21 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തെത്തി. 23 പോയിന്റുള്ള ആഴ്‌സനൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. അവസാന മത്സരത്തിൽ മികച്ച വിജയം നേടാൻ സാധിച്ചതിന്റെ സംതൃപ്തിയുമായാണ് താൽക്കാലിക കോച്ച് മൈക്കിൾ കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് യാത്ര പറഞ്ഞത്.

Rate this post