മാഞ്ചസ്റ്റർ സിറ്റിക്കെതിരായ തോൽവിക്ക് പിന്നാലെ ബയേണിൽ സംഘർഷം, സഹതാരത്തിന്റെ മുഖത്തിടിച്ച് മാനെ
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ തോൽവി വഴങ്ങിയ ബയേൺ മ്യൂണിക്കിന് കൂടുതൽ പ്രതിസന്ധി നൽകി സഹതാരങ്ങൾ തമ്മിലുള്ള തർക്കം. മത്സരത്തിന് ശേഷം ടീമിലെ മുന്നേറ്റനിരയിലെ കളിക്കാരായ സാഡിയോ മാനെയും ലിറോയ് സാനെയും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മത്സരത്തിനിടയിൽ തന്നെ രണ്ടു താരങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിറ്റി ഡിഫെൻസിനിടയിലൂടെ നടത്തിയ റണ്ണുമായി ബന്ധപ്പെട്ട് സാനെ സെനഗൽ താരത്തോടെ പരാതി പറയുകയും രോഷാകുലനാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഡ്രസിങ് റൂമിൽ ഉണ്ടായതെന്ന് ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം സാനെ തന്നോട് മൈതാനത്ത് വെച്ച് പെരുമാറിയ രീതിയെക്കുറിച്ച് ഡ്രസിങ് റൂമിൽ വെച്ച് പരാതി പറഞ്ഞ മാനെ അതിനു പിന്നാലെ ജർമൻ താരത്തിന്റെ മുഖത്തിടിക്കുകയായിരുന്നു. സഹതാരങ്ങളാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അതിനു ശേഷം കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാവാതിരിക്കാൻ സാനെയെ എല്ലാവരും അവിടെ നിന്നും മാറ്റുകയും ചെയ്തു.
സംഭവത്തിൽ സാനെയുടെ മുഖത്ത് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ബയേൺ മ്യൂണിക്ക് ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. താരങ്ങൾക്കെതിരെ ക്ലബിന്റെ നടപടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പുതിയ പരിശീലകൻ എത്തിയതിനു പിന്നാലെയുള്ള ഈ പ്രശ്നങ്ങൾ ബയേണിനു ആശ്വസിക്കാൻ വക നൽകുന്നതല്ല.
🚨🔴 Mané & Sané had a fight in the Bayern dressing room after the loss vs Man City yesterday.
— EuroFoot (@eurofootcom) April 12, 2023
Mané approached Sané for the way he was speaking and gave him a blow to the lip. Other players had to intervene, reports @SPORTBILD. pic.twitter.com/99nN2PBZ8K
മത്സരത്തിൽ ബയേണിനെതിരെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയിരുന്നു. രണ്ടാം പാദ മത്സരം സ്വന്തം മൈതാനത്തു വെച്ചായതിനാൽ തിരിച്ചു വരാനുള്ള ശ്രമങ്ങൾ ബയേൺ മ്യൂണിക്ക് നടത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് സങ്കീർണമായി മാറുമെന്ന് ഉറപ്പാണ്.