“പ്രീമിയർ ലീഗ് കിരീട പോരാട്ടം കൂടുതൽ മുറുകുന്നു : ബെൻസിമയുടെ ഇരട്ട ഗോളിൽ റയലിന് ജയം “

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളില്ലാതെ കിരീടത്തിലേക്ക് കുത്തിക്കുകയായിരുന്ന സിറ്റിക്ക് വലിയ തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഗോൾ രഹിത സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തുള്ള ലിവര്പൂളുമായുള്ള പോയിന്റ് വ്യത്യസം നാലായി കുറഞ്ഞു. സിറ്റിയേക്കാൾ ഒരു മത്സരം കുറവാണു ലിവർപൂൾ കളിച്ചിട്ടുള്ളത്. അടുത്ത മത്സരത്തിൽ ലിവർപൂൾ വിജയിക്കുക ആണെങ്കിൽ പോയിന്റ് വ്യത്യാസം ഒന്നായി കുറയുകയും ചെയ്യും. നാളെ ആഴ്സനലിനെതിരെയണ് ലിവർപൂളിന്റെ അടുത്ത മത്സരം .

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ പ്രീമിയർ ലീഗ് നേതാക്കൾ ആധിപത്യം പുലർത്തി, എന്നാൽ ആവശ്യമുള്ളപ്പോൾ പാലസ് നന്നായി പ്രതിരോധിക്കുകയും ചെയ്തതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയ്‌ന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.71-ാം മിനിറ്റിൽ സിറ്റിക്ക് മറ്റൊരു മികച്ച അവസരം ലഭിച്ചു എന്നാൽ ജാക്ക് ഗ്രീലിഷ് കൊടുത്ത പാസ് ബെർണാർഡോ സിൽവക്ക് ക്ലോസെ റേഞ്ചിൽ നിന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാന മിനിറ്റുകളിൽ ഗോളിനായി സിറ്റി ശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇന്നലത്തെ സമനിലയോടെ 29 മത്സരങ്ങളിൽ നിന്നും സിറ്റിക്ക് 70 ഉം 28 മത്സരങ്ങളിൽ നിന്നും ലിവർപൂളിന് 66 പോയിന്റുമാണുള്ളത്.2021-22 പ്രീമിയർ ലീഗ് ട്രോഫി ആരു ഉയർത്തുമെന്ന് തീരുമാനിക്കുന്ന മത്സരത്തിൽ ഏപ്രിൽ 10 ന് മാൻ സിറ്റി ലിവർപൂളിന് ആതിഥേയത്വം വഹിക്കും.

സ്പാനിഷ് ലാ ലീഗയിൽ കിരീടത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ മയ്യോർക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തുള്ള സെവിയ്യയുമായുള്ള പോയിന്റ് വ്യത്യാസം 10 ആക്കി ഉയർത്താനും റയലിനായി. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായി എന്നോണം സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമ രണ്ടു ഗോളുകൾ നേടിയപ്പോൾ വിനീഷ്യസും ഒരു ഗോൾ സ്വന്തമാക്കി.

തന്റെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ ബെൻസിമ സ്പാനിഷ് ലീഗിന്റെ സ്‌കോറിംഗ് പട്ടികയിൽ 22 ഗോളുമായി മുന്നിലാണ്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റിൽ ബെൻസെമയുടെ പാസിൽ നിന്ന് വിനീഷ്യസിലൂടെ റയൽ സ്കോറിന് തുറന്നു.77-ൽ വിനീഷ്യസിനെ ഫൗൾ ചെയ്തതിന് ശേഷം ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റിയ ഫ്രഞ്ച് താരം ലീഡ് രണ്ടാക്കി ഉയർത്തി. 82 ആം മിനുട്ടിൽ മാഴ്‌സെലോയുടെ ക്രോസ് ഹെഡ്ഡറിലൂടെ ഗോളാക്കി ബെൻസിമ റയലിന്റെ വിജയമുറപ്പിച്ചു.മാഡ്രിഡിനെതിരായ അവസാന 12 ലീഗ് മത്സരങ്ങളിൽ 10ലും മയ്യോർക്ക തോറ്റിരുന്നു.