ബ്രസീലിയൻ താരം മാഴ്‌സലോ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനൊരുങ്ങുന്നു

ബ്രസീലിയൻ ഫുട്ബോൾ താരവും റയൽ മാഡ്രിഡ് ഇതിഹാസമായ മാഴ്‌സലോ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ. റയൽ മാഡ്രിഡ് വിട്ടു ഫ്രീ ഏജന്റായ മുപ്പത്തിനാലു വയസുള്ള ലെഫ്റ്റ് ബാക്കിനായി നിരവധി ഓഫറുകൾ ഉണ്ടെങ്കിലും താരം അതൊന്നും പരിഗണിക്കാനുള്ള സാധ്യതയില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. റയൽ മാഡ്രിഡ് വിട്ട മാഴ്‌സലോ നിരവധിയായ കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ തന്നെ ഫുട്ബോളിൽ നിന്നും വിരമിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം വമ്പൻ ക്ലബുകളുടെ ഓഫറുകളൊന്നും വന്നില്ലെന്നതാണ് മാഴ്‌സലോ വിരമിക്കൽ പരിഗണിക്കാനുള്ള ഒരു പ്രധാന കാരണം. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ഒരു ക്ലബ് പോലും താരത്തിനായി സമ്മർ ജാലകത്തിൽ ഓഫർ നൽകിയിട്ടില്ല. ലാ ലിഗ, സീരി എ എന്നീ ലീഗുകളിൽ നിന്നുമാണ് താരത്തിന് പ്രധാനമായും ഓഫറുകൾ ഉണ്ടായിരുന്നത്. ഖത്തർ, എംഎൽഎസ് എന്നീ ലീഗുകളിൽ നിന്നും മാഴ്‌സലോക്കായി മികച്ച കരാർ വാഗ്‌ദാനങ്ങൾ ഉണ്ടെങ്കിലും തന്റെ കരിയർ അത്തരത്തിൽ അവസാനിപ്പിക്കാൻ താരത്തിന് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാഡ്രിഡിൽ തന്നെ തുടരാനുള്ള താൽപര്യവും മാഴ്‌സലോ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ കാരണമായിട്ടുണ്ട്. മാഡ്രിഡിൽ നിരവധി ബിസിനസുകൾ ബ്രസീലിയൻ താരം നടത്തുന്നുണ്ട്. ബ്രസീൽ, പോർച്ചുഗൽ എന്നിവിടങ്ങളിലെ രണ്ടു ഫുട്ബോൾ ക്ലബുകളുടെ ഉടമസ്ഥാവകാശവും താരത്തിന്റെ പേരിലുണ്ട്. ഇതിനു പുറമെ മാഴ്‌സലോയുടെ മകൻ റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ മാഡ്രിഡുമായി അടുത്ത ഏതെങ്കിലും സ്ഥലത്തേക്കുള്ള ട്രാൻസ്‌ഫർ മാത്രമേ താരം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പരിഗണിച്ചിരുന്നുള്ളൂ. എന്നാൽ പ്രതീക്ഷിച്ചതു പോലെ പ്രധാന ക്ലബുകൾ ഒന്നും താരത്തിനു വേണ്ടി ശ്രമം നടത്തിയില്ല.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ മാഴ്‌സലോ ക്ലബിനു വേണ്ടി ഏറ്റവുമധികം കിരീടം നേടിയ കളിക്കാരിൽ ഒരാൾ കൂടിയാണ്. ഈ സമ്മറിൽ കരാർ അവസാനിച്ച് റയൽ മാഡ്രിഡിൽ നിന്നും ഇറങ്ങിയ ഗാരെത് ബേൽ അമേരിക്കൻ ലീഗിലേക്കും ഇസ്‌കോ സെവിയ്യയിലേക്കും ചേക്കേറിയിരുന്നു. എന്നാൽ മാഴ്‌സലോ ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടാനും താരം ശ്രമം നടത്തുന്നില്ലെന്നു കൂടി വ്യക്തമായിട്ടുണ്ട്.

Rate this post