ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന പിഎസ്‌ജിക്ക് സന്തോഷവാർത്ത

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ പിഎസ്‌ജിക്ക് തിരിച്ചടി നൽകിയത് ടീമിലെ പ്രധാന താരങ്ങളുടെ അഭാവമായിരുന്നു. മാഴ്‌സക്കെതിരെയും മൊണാക്കോക്കെതിരെയും ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായിരുന്ന ചില താരങ്ങൾ കളിച്ചിരുന്നില്ല. വമ്പൻ താരങ്ങളുണ്ടെങ്കിലും അവർക്ക് പകരക്കാരാവാൻ കഴിയുന്ന മികച്ച താരങ്ങളില്ലാത്തത് ഈ മത്സരങ്ങളിൽ പിഎസ്‌ജിയെ ബാധിക്കുകയും ചെയ്‌തു.

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് എതിരെയാണ് പിഎസ്‌ജിയുടെ അടുത്ത മത്സരം. നിലവിലെ ഫോം പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർക്ക് വളരെ ആശങ്ക സമ്മാനിക്കുന്ന ഒന്നാണ്. ഇതിനു പുറമെ ഡ്രസിങ് റൂമിൽ ചെറിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വാർത്തയും പുറത്തു വരുന്നു. ബയേൺ മ്യൂണിക്കിനെ നേരിടുമ്പോൾ ഇത് രണ്ടും പണി തരുമോയെന്ന പേടി ആരാധകർക്കുമുണ്ട്.

അതേസമയം പിഎസ്‌ജി ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്ത ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഫ്രഞ്ച് മീഡിയ ഔട്ട്ലെറ്റായ ടെലിഫൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയിലെ രണ്ടു താരങ്ങൾ ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുണ്ടാകും. മുന്നേറ്റനിരക്കും മധ്യനിരക്കും കൂടുതൽ കരുത്ത് നൽകി ലയണൽ മെസിയും മാർകോ വെറാറ്റിയുമാണ് ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ തിരിച്ചെത്തുന്നത്.

ഈ രണ്ടു താരങ്ങളുടെയും തിരിച്ചു വരവ് പിഎസ്‌ജിക്ക് ആശ്വാസം തന്നെയാണ്. എങ്കിലും ടീമിലെ മറ്റൊരു സൂപ്പർതാരമായ എംബാപ്പെ ഇപ്പോഴും പരിക്കേറ്റു പുറത്താണ്. താരത്തിന്റെ കാര്യത്തിൽ ചെറിയ പ്രതീക്ഷയുണ്ടെങ്കിലും ഒരു സാഹസത്തിനു തങ്ങൾ മുതിരില്ലെന്നാണ് പരിശീലകൻ പറഞ്ഞത്. ആദ്യപാദത്തിൽ കളിച്ചില്ലെങ്കിലും രണ്ടാം പാദത്തിൽ ഫ്രഞ്ച് താരം ഉണ്ടാകുമെന്ന് തീർച്ചയാണ്.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പ്രീ ക്വാർട്ടറിൽ തോൽവി വഴങ്ങിയാണ് പിഎസ്‌ജി പുറത്തു പോകുന്നത്. അതുകൊണ്ടു തന്നെ ഈ സീസണിൽ അതാവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന പിഎസ്‌ജി മികച്ച പ്രകടനം തന്നെ നടത്താൻ ശ്രമിക്കുമെന്നുറപ്പാണ്. ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായാൽ പിഎസ്‌ജിക്കത് വലിയ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

5/5 - (2 votes)
Psg