മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ആഡംബരവീട് വിട്ട് നൽകി മാർക്കസ് റാഷ്ഫോർഡ്

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗണിന് സഹായവുമായി മാർക്കസ് റാഷ്ഫോർഡ്. സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായ വെസ് ബ്രൗണിന് തന്റെ ആഡംബര വീട് കുറഞ്ഞ വാടകയ്ക്ക് വിട്ടു നൽകുകയാണ് റാഷ്ഫോർഡ് സഹായഹസ്തവുമായി എത്തിയത്.

1996 മുതൽ നീണ്ട 15 വർഷം യുണൈറ്റഡ് പ്രതിരോധനിരയിൽ കളിച്ച താരമാണ് വെസ് ബ്രൗൺ. പ്രീമിയർ ലീഗ് ക്ലബ്ബുകളായ സണ്ടർലാൻഡ്, ബ്ലാക്ക്ബോൺ റോവേഴ്സ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ച താരം 2017 – 18 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും കളിച്ചിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച വെസ് ബ്രൗൺ ഒരു ഗോളും നേടിയിരുന്നു. തന്റെ പ്രൊഫഷണൽ കരിയറിൽ താരം അവസാനമായി കളിച്ച ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. ശേഷം ബിസിനസ് ജീവിതത്തിലേക്ക് കാലെടുത്തുവെച്ച താരത്തിന് കളിക്കളത്തിലെ മികവ് ബിസിനസിലും പുലർത്താനായില്ല.

ബിസിനസിലെ നഷ്ടം താരത്തിന് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി. കഴിഞ്ഞദിവസം കോടതി വെസ് ബ്രൗണിനെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. താരത്തിന് ഉയർന്ന കടബാധ്യതയുള്ള സാഹചര്യത്തിലാണ് സഹായവുമായി മാർക്കസ് റാഷ്ഫോർഡ് രംഗത്തെത്തിയത്.റാഷ്ഫോർഡിനെ കൂടാതെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ വെയിൽ റൂണി, മിച്ചൽ കാരിക്ക് തുടങ്ങിയവരും സഹായവുമായി നേരെ രംഗത്ത് വന്നിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന താരം. 1996 ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. നീണ്ട 15 വർഷം ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി പന്ത് തട്ടിയ വെസ് ബ്രൗൺ 232 കളികളിലാണ് യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞത്. സാക്ഷാൽ അലക്സ് ഫെർഗ്യൂസന്റെ സുവർണ്ണ കാലഘട്ടത്തിൽ യുണൈറ്റഡിൽ പന്തുതട്ടിയ താരമാണ് ബ്രൗൺ. ഇക്കാലയളവിൽ 5 പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ബ്രൗൺ നേടി.ഇംഗ്ലണ്ട് ദേശീയ ടീമിനായി 23 മത്സരങ്ങളിലും ബ്രൗൺ കളിച്ചിട്ടുണ്ട്.

Rate this post