മെസ്സിയെ പരിചയപ്പെട്ടു, ലോക ചാമ്പ്യന്മാർക്കൊപ്പം പരിശീലനം: ആദ്യാനുഭവങ്ങൾ പങ്കുവെച്ച് 17കാരനായ അർജന്റീനയുടെ ഭാവി വാഗ്ദാനം

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളായിരുന്നു അർജന്റീന കളിച്ചിരുന്നത്.പനാമ,കുറസാവോ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ മികച്ച വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള അർജന്റീന ടീമിനോടൊപ്പം പരിശീലനം നടത്താൻ കേവലം 17 വയസ്സ് മാത്രമുള്ള ക്ലൗഡിയോ എച്ചവേരിക്ക് സാധിച്ചിരുന്നു.

അർജന്റീനയുടെ ഭാവി വാഗ്ദാനമായ വിലയിരുത്തപ്പെടുന്ന ഈ 17കാരൻ അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. സുഡാമേരിക്കാന അണ്ടർ 17 ടൂർണമെന്റിൽ 200 മിനിട്ടിന് മുകളിൽ മാത്രം കളിച്ചപ്പോൾ തന്നെ ആകെ 6 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ ഈ യുവസൂപ്പർതാരത്തിന് കഴിഞ്ഞു.അത്രയേറെ മികവിലാണ് ഈ താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.

പതിനേഴാം വയസ്സിൽ തന്നെ ലയണൽ മെസ്സി നായകനായ,നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനക്കൊപ്പം പരിശീലനം നടത്താൻ കഴിഞ്ഞതിന്റെ ആദ്യാനുഭവങ്ങൾ ഈ താരം പങ്കുവെച്ചിട്ടുണ്ട്.തനിക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ലയണൽ മെസ്സി എത്രത്തോളം നല്ല വ്യക്തിയാണ് എന്നുള്ളത് നേരിട്ട് അറിയാൻ കഴിഞ്ഞത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണെന്നും എച്ചവേരി കൂട്ടിച്ചേർത്തിട്ടുണ്ട്.

ഞാൻ ലോക ചാമ്പ്യന്മാർക്കൊപ്പമുണ്ടായിരുന്ന ദിവസം അവിശ്വസനീയമായ ഒന്നായിരുന്നു,അവരോടൊപ്പമുള്ള പരിശീലനം അവിസ്മരണീയമാണ്.മെസ്സിയെ കാണാനുള്ള എന്റെ സ്വപ്നം നിറവേറ്റാൻ എനിക്ക് സാധിച്ചു.എനിക്ക് ഇപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.എന്നെ സംബന്ധിച്ചിടത്തോളം മെസ്സി എന്നുള്ളത് എല്ലാമാണ്.അദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാണ്,അദ്ദേഹം എത്ര നല്ല വ്യക്തിയാണ് എന്നുള്ളത് എനിക്ക് നേരിട്ട് അറിയാൻ കഴിഞ്ഞു.അത് എനിക്ക് ഒരുപാട് സന്തോഷം നൽകിയ കാര്യമാണ് ‘എച്ചവേരി പറഞ്ഞു.

25 മില്യൺ യൂറോയാണ് ഈ താരത്തിന്റെ റിലീസ് ക്ലോസ്.എന്നാൽ റിവർ പ്ലേറ്റ് ഇപ്പോൾ ഇത് 50 മില്യൺ യൂറോ ആക്കി ഉയർത്താൻ ആഗ്രഹിക്കുന്നുണ്ട്.നിരവധി ക്ലബ്ബുകൾ ഇപ്പോൾ താരത്തെ നിരീക്ഷിക്കുന്നുണ്ട്.റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള പ്രധാന ക്ലബ്ബുകൾ ഈ അർജന്റീന കാരനിൽ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Rate this post