❝ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ഡച്ച് താരത്തെ തിരികെയെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്❞ |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തായ്‌ലൻഡിലും ഓസ്‌ട്രേലിയയിലും നടന്ന പ്രീ-സീസൺ മത്സരങ്ങളിൽ വ്യക്തിപരമായ കാരണങ്ങൾകൊണ്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഈ സമ്മറിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഒരു ക്ലബ്ബിലേക്ക് മാറാൻ 37 കാരൻ ആഗ്രഹിച്ചിരുന്നെങ്കിലും ഇതുവരെ അത് യാഥാർഥ്യമായിട്ടില്ല.

അടുത്തയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഓസ്‌ലോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെയും തുടർന്ന് റയോ വല്ലക്കാനോയ്‌ക്കെതിരെയും കളിക്കും എന്നാൽ റൊണാൾഡോ കളിക്കുമോ എന്ന് ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ സാഹചര്യം തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും റൊണാൾഡോ മടങ്ങിവരുന്നതിനായി കാത്തിരിക്കുയാണെന്നും എറിക് ടെൻ ഹാഗ് പറഞ്ഞു.

ക്ലബ്ബുമായുള്ള CR7 ന്റെ ഭാവി അനിശ്ചിതത്വത്തിലായതിനാൽ ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ മുൻനിരയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ ടീമിന്റെ ആക്രമണം ശക്തിപ്പെടുത്താൻ എറിക് ടെൻ ഹാഗ് കൂടുതൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.ബാഴ്സലോണയുടെ ഡച്ച് ഫോർവേഡ് മെംഫിസ് ഡിപേയെ വീണ്ടും യുണൈറ്റഡിലേക്ക് കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ.

ട്രാൻസ്ഫർ സാധ്യതയെക്കുറിച്ച് റെഡ് ഡെവിൾസ് ബാഴ്‌സലോണയുമായി സംസാരിച്ചു.20 മില്യൺ യൂറോക്ക് 28-കാരനെ കൊടുക്കാൻ ലാ ലിഗ ഭീമന്മാർ തയ്യാറാണെന്ന് റിപ്പോർട്ട്. 2015 ൽ പിഎസ്വി യിൽ നിന്നും എത്തിയ ഡിപ്പായ്ക്ക് യൂണൈറ്റഡിനായി 53 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 2017 ൽ ഫ്രഞ്ച് ക്ലബ് ലിയോണിലേക്ക് മാറുകയും ചെയ്തു.കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്‌ക്കായി 38 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ 28-കാരൻ നേടിയിരുന്നു, എന്നാൽ ഈ മാസത്തെ റിപ്പോർട്ടുകൾ അദ്ദേഹം സാവിയുടെ പദ്ധതികളുടെ ഭാഗമല്ല.

Rate this post