❝ ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിക്കൊപ്പം കളിക്കുന്നത് എന്റെ സ്വപ്നമാണ് ❞; മെംഫിസ് ഡീപെയ്

നെതർലാൻഡ് സൂപ്പർ താരം മെംഫിസ് ഡീപെയ് ഔദ്യോഗികമായി ബാഴ്സലോണ താരമായി മാറിയിരിക്കുകയാണ്. ഒരു വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ലിയോൺ താരത്തെ ബാഴ്സ നൗ ക്യാമ്പിലെത്തിച്ചത്. ഫ്രഞ്ച് ക്ലബ്ബുമായി കരാർ അവസാനിച്ചതിനെ തുടർന്ന് സൗജന്യ ട്രാൻസ്ഫറിലാണ് താരം ബാഴ്സയിലെത്തുന്നത്. നിലവിലെ ബാഴ്സ പരിശീലകൻ റൊണാൾഡ്‌ കൂമാന് കീഴിൽ ഡച്ച് ടീമിൽ കളിച്ച ഡീപെയ് വീണ്ടും ഡച്ച് പരിശീലകനുമായി വീണ്ടും ഒരുമിക്കുകയാണ്. . മുന്നേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കാൻ താൽപര്യപ്പെടുന്ന ഡച്ച് താരം ലയണൽ മെസ്സിയോടൊപ്പം കളിക്കുന്നതിനായി കാത്തിരിക്കുകയാണ്. ‘” മെസ്സിക്കൊപ്പം കളിക്കുന്നത് എന്റെ വലിയ സ്വപ്നമാണെന്നും ,ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുമായി കളിക്കാനുള്ള അവസരമാണ് വന്നതെന്നും ,ഔദ്യോഗികമായി ബാഴ്സ താരമായ ശേഷം മെംഫിസ് ഡീപെയ് പറഞ്ഞു.

“മെസ്സി ഒരു ഇതിഹാസമാണ്, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, കോപ്പ അമേരിക്കയിൽ അദ്ദേഹം ചെയ്തത് നിങ്ങൾ കണ്ടല്ലോ ,ഞാൻ അദ്ദേഹത്തോടൊപ്പം കളിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു, അദ്ദേഹത്തിന്റെ നിലവാരത്തിൽ ഒരു സംശയവുമില്ല , ഞാൻ വേഗതയിൽ ഓടിയാൽ മാത്രം മതി പന്ത് വരുമെന്ന് എനിക്കറിയാം. “മെസ്സിക്ക് ഉയർന്ന ക്വാളിറ്റി ഉള്ളത് കൊണ്ട് പന്ത് ഉപയോഗിച്ച് എല്ലാം ചെയ്യാൻ കഴിയും,ലോകത്തിലെ എല്ലാവരും അത്തരത്തിലുള്ള ഒരാളുമായി കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു”. “ഇന്നലെ ബാഴ്സ മ്യൂസിയത്തിൽ ഒരു ടൂർ നടത്തി, ബാലൺ ഡി ഓർ അവാർഡുകളെല്ലാം കണ്ടു, അദ്ദേഹത്തിന് ഒന്ന് കൂടി കൂടി വരാനിടയുണ്ട്. ഇത് എനിക്ക് ഒരു സ്വപ്നമായിരിക്കും.” ഡച്ച് താരം മാധ്യമങ്ങളോട് പറഞ്ഞു.

ജൂൺ മാസം അവസാനത്തോടെ ബാഴ്സയുമായി കരാർ അവസനിച്ച ഫ്രീ ഏജൻസി പൂളിലേക്ക് ഇറങ്ങിയ മെസ്സി വീണ്ടും അഞ്ചു വർഷത്തെ കരാർ ഒപ്പിടാൻ തീരുമാനിച്ചിരിക്കുകയാണ്. പിഎസ്ജി ഉൾപ്പെടയുള്ള ക്ലബ്ബുകൾ വമ്പൻ ഓഫറുമായി എത്തിയെങ്കിലും തന്റെ കരിയർ ബാഴ്സയിൽ അവസാനിപ്പിക്കാൻ തന്നെയാണ് മെസ്സി തീരുമാനിച്ചത്. വരുന്ന ആഴ്ചകളിൽ ബാഴ്സ മെസ്സിയുടെ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. 50 % വേതനം കുറച്ചു കൊണ്ടാണ് മെസ്സി ബാഴ്സയുമായി പുതിയ കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നത്.

2011 ൽ പി‌എസ്‌വിയിലൂടെയാണ് മെംഫിസ് ഡീപെയ് കരിയർ ആരംഭിക്കുന്നത്. നാല് വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയെങ്കിലും അത്ര മികച്ച പ്രകടനം നടത്താൻ താരത്തിനായില്ല. രണ്ടു സീസൺ ഓൾഡ് ട്രാഫോർഡിൽ ചിലവഴിച്ചതിനു ശേഷം ഫ്രഞ്ച് ക്ലബ് ലിയോണിലേക്ക് കൂടു മാറി. ലിയോണിപ്പം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡച്ച് ഫോർവേഡ് പുറത്തെടുത്തത്. നാല് സീസൺ ഫ്രഞ്ച് ക്ലബ്ബിൽ തുടർന്ന ഡച്ച് താരം 178 കളികളിൽ 76 ഗോളുകളും 55 അസിസ്റ്റുകളും നേടി. യുണൈറ്റഡിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ പക്വതയും ഫലപ്രദവുമായ കളിക്കാരനായി ഡീപെയ് മാറി. യൂറോ 2020 ൽ നെതർലാൻഡുമായി മികച്ച പ്രകടനം കാഴ്ചവച്ച താരം റൊണാൾഡ്‌ കൂമാന് കീഴിൽ കൂടുതൽ ഉയരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post