ക്രിസ്ത്യാനോയെ അറിയാത്തവർക്ക് അദ്ദേഹം ദാർഷ്ട്യക്കാരനും അഹങ്കാരിയുമാണ്, എന്നാൽ മറിച്ചാണ് സത്യമെന്നു കസിയസ്

ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും ലോകത്തിലെ തന്നെ മികച്ച രണ്ടുതാരങ്ങളാണ്. എന്നാൽ ഇരുവരിലാരാണ് മികച്ചതെന്നു ചോദിച്ചാൽ പലരും നെറ്റിചുളിച്ചേക്കാം. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ്  ഗോൾകീപ്പർ ഇതിഹാസം ഇകർ കസിയസ്. ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിലാണ് ഇരുതാരങ്ങളെക്കുറിച്ചും സംസാരിച്ചത്.

ഇരു താരങ്ങളെയും താരതമ്യപ്പെടുത്തുമ്പോൾ ലയണൽ മെസിയുടെ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് മുന്നേറുമ്പോൾ ക്രിസ്ത്യാനോ റൊണാൾഡോ മികച്ചവനായിതീരാനുള്ള അഭിനിവേശവും കഠിനപരിശ്രമവുമാണ് ഉയരങ്ങളിലെത്തിച്ചതെന്നാണ്  കസിയസ് വിശ്വസിക്കുന്നത്.  എന്നാൽ ഇരുവരിൽ ആരാണ് മികച്ചതെന്നു വ്യക്തമാക്കാനും  അദ്ദേഹം മറന്നില്ല.

“ക്രിസ്ത്യാനോക്ക് ബെസ്റ്റ് ആയിത്തീരാനുള്ള അഭിനിവേശം എപ്പോഴുമുണ്ടായിരുന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിൽ ആ അഭിനിവേശം കാണാൻ സാധിച്ചിരുന്നു. അദ്ദേഹത്തെ മെസിയുമായി താരതമ്യപ്പെടുത്തേണ്ടി വന്നാൽ  ക്രിസ്ത്യാനോ ചെയ്ത കാര്യങ്ങളാണ് കൂടുതൽ മതിപ്പുളവാക്കുന്നത്. കാരണം നമുക്കറിയാം മെസിയുടെ ജന്മനായുള്ള കഴിവുകളെ. “

“എന്നാൽ ബെസ്റ്റ് ആയി തീരാൻ ക്രിസ്ത്യാനോ നിശ്ചയദാർഷ്ട്യത്തോടെ കഠിനപരിശ്രമം നടത്തേണ്ടി വന്നിട്ടുണ്ട്.  രണ്ടു പ്രതിഭാസങ്ങളുടെയും കളി ആസ്വദിക്കാൻ സാധിച്ചതിൽ നമ്മൾ ഭാഗ്യവാന്മാരാണെന്നാണ് എനിക്ക് തോന്നുന്നത്. ക്രിസ്ത്യനോയെ അറിയാത്തവർക്ക് അദ്ദേഹം  ദാർഷ്ട്യക്കാരനും അഹങ്കാരിയുമാണെന്ന് തോന്നിയേക്കാം. എന്നാൽ നേരെ മറിച്ചാണ് കാര്യങ്ങൾ.” കസിയസ് അഭിമുഖത്തിൽ പറഞ്ഞു

Rate this post