ഫുട്ബോൾ ആരാധകർ ഏറ്റവും ആഗ്രഹിച്ച ഒന്നായിരുന്നു ലയണൽ മെസ്സി അര്ജന്റീനക്കൊപ്പം ഒരു കിരീടം നേടുന്നത്. കോപ്പ അമേരിക്ക ഫൈനലിൽ ആതിഥേയരായ ബ്രസീലിനെ കീഴ്പെടുത്തി അത് യാഥാർഥ്യമാക്കുകയും ചെയ്തു.തന്റെ എതിരാളികലെ ചിലരെ നിശബ്ദരാക്കുന്നതിനപ്പുറം ഈ വർഷം ബാലൺ ഡി ഓർ നേടാനുള്ളവരിൽ മുൻ നിരയിൽ എത്താനും മെസ്സിക്ക് സാധിച്ചു.കോപ അമേരിക്കയിലെ ടോപ് സ്കോററും മികച്ച കളിക്കാരനായും മാറിയ മെസ്സി തന്നെയാകും ഇത്തവണത്തെ പുരസ്കാരം നേടാൻ ഫേവറിറ്റ്.ഇതിനകം ആറു തവണ പുരസ്കാരം നേടിയ മെസ്സിക്ക് ഇത്തവണ വലിയ വെല്ലുവിളി ഒന്നും വേറെ ആരും ബാലൻ ഡി ഓറിനായി ഉയർത്തുന്നില്ല.
കോപ്പ അമേരിക്ക, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ലോകകപ്പ് എന്നിവ ബാലൺ ഡി ഓർ വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനാൽ ആൽബിസെലെസ്റ്റെക്കൊപ്പം കോപ്പ വിജയിച്ചത് മെസ്സിയെ കൂടുതൽ ഫേവറിറ്റ് ആക്കുന്നു.ഈ വർഷം ഇതുവരെ 47 കളികളിൽ മെസ്സിക്ക് 38 ഗോളുകളും 14 അസിസ്റ്റുകളും 26 മാൻ ഓഫ് ദ മാച്ച് അവാർഡുകളും മെസ്സി നേടി. ബാഴ്സലോണക്ക് ഒപ്പം പതിവു പോലെ മികച്ച സീസൺ ആയിരുന്നു എങ്കിലും ആകെ കോപ ഡെൽ റേ കിരീടം മാത്രമെ അദ്ദേഹത്തിന് നേടാൻ ആയിരുന്നുള്ളൂ. പക്ഷെ ഈ കോപ കിരീടം മെസ്സിക്ക് കരുത്തു നൽകും.
യൂറോ കപ്പ് ആരംഭിക്കും മുമ്പ് വരെ കാന്റെയെ ബാലൻ ഡി ഓറിൽ ഫേവറിറ്റായി പലരും വിലയിരുത്തി എങ്കിലും ഫ്രാൻസ് യൂറോ കപ്പിൽ പെട്ടെന്ന് പുറത്തായത് കാന്റെയ്ക്ക് തിരിച്ചടി ആയി. ഈ വർഷം അത്ര മികച്ചത് എന്ന് പറയാൻ ആകുന്ന വ്യക്തിഗത പ്രകടനങ്ങൾ ആരിൽ നിന്നും ഉണ്ടായില്ല എന്നതും മെസ്സിക്ക് ഗുണമാകും. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്കൊപ്പം യൂറോ കപ്പും നേടിയ ജോർഗീഞ്ഞോ ഒരു വെല്ലുവിളി ആയേക്കില്ല.ഒരേ വർഷം ചാമ്പ്യൻസ് ലീഗും യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ ചരിത്രത്തിലെ പത്താമത്തെ കളിക്കാരനായി 29 കാരൻ മാറി. വേറെ ഒരു പ്രമുഖ താരങ്ങളും മെസ്സിയെ വെല്ലുവിളിക്കാൻ സാധ്യതയില്ല.കൈലിയൻ എംബപ്പേ ലിഗ് 1 അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോ സെരി എ ജയിക്കുകയോ യൂറോപ്പ് കീഴടക്കുകയോ ചെയ്തില്ല.
റോബർട്ട് ലെവാൻഡോവ്സ്കി ജർമ്മനിയിൽ സ്കോറിംഗ് റെക്കോർഡുകൾ തകർത്തെങ്കിലും യൂറോ 2020 ൽ പോളണ്ടിനെ മുന്നോട്ട് കൊണ്ട് പോകാനും സാധിച്ചില്ല.യൂറോ കപ്പ് നേടിയ ഇറ്റലിയുടെ പ്രതിരോധ ജോഡിയായ ജോർജിയോ കെല്ലിനിയും ലിയോനാർഡോ ബോണൂച്ചിയും ഒരു അവകാശവാദം ഉന്നയിച്ചേക്കാം. പ്രീമിയർ ലീഗിൽ ടോപ് സ്കോററും ഇംഗ്ലണ്ടിനെ യൂറോ ഫൈനലിൽ എത്തിച്ചെങ്കിലും കിരീടങ്ങൾ നേടാൻ സാധിക്കാത്തത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന്റെ സാധ്യതതകൾ കുറക്കുന്നുണ്ട്. ഏഴാം ബാലണ് ഡി ഓർ മെസ്സി നേടുക ആണെങ്കിൽ ആ റെക്കോർഡും എന്നേക്കുമായി മെസ്സിയിൽ സുരക്ഷിതമായേക്കും.