ബാഴ്സലോണയുടെ പുതിയ നിബന്ധനകൾ പാലിച്ച് മെസ്സിക്ക് തിരിച്ചു വരാൻ സമ്മതം |Lionel Messi

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് മടങ്ങി വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഖത്തർ ലോകകപ്പിന് പിന്നാലെ താരം പിഎസ്‌ജി കരാർ പുതുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. കരാർ പുതുക്കാൻ മെസിക്ക് മുൻപുണ്ടായിരുന്ന താൽപര്യം ഇപ്പോഴില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന ലോകകപ്പ് നേടിയപ്പോൾ തന്നെ ഒരു വിഭാഗം ആരാധകർ മെസിക്ക് എതിരായിരുന്നു. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ അത് വർധിക്കുകയും ചെയ്‌തു. കഴിഞ്ഞ മത്സരത്തിനു മുന്നോടിയായി മെസിയെ പിഎസ്‌ജി ആരാധകർ കൂക്കി വിളിച്ചതും കരാർ പുതുക്കാനുള്ള താൽപര്യം പോകാൻ കാരണമായി.

അതിനിടയിൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ചില ഉപാധികൾ വെച്ചിരുന്നു. ക്ലബ്ബിലേക്ക് മടങ്ങി വരാനുള്ള താൽപര്യം മെസി തന്നെ അറിയിക്കണം, കളിക്കളത്തിൽ പഴയതു പോലെയുള്ള സ്വാതന്ത്ര്യം താരം പ്രതീക്ഷിക്കരുത്, പ്രതിഫലം കുറക്കണം എന്നീ ആവശ്യങ്ങളാണ് ബാഴ്‌സലോണ മെസിക്ക് മുന്നിൽ വെച്ചത്.

ഈ നിബന്ധനകൾ മെസി അംഗീകരിച്ചു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. തന്റെ പിതാവും ഏജന്റുമായ ജോർജ് മെസിയോട് ബാഴ്‌സയുമായി കരാർ ചർച്ചകൾ നടത്താൻ മെസി ആവശ്യപ്പെട്ടുവെന്ന് സ്‌പാനിഷ്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെസി തിരിച്ചു വരാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അതേസമയം മെസി മാത്രമല്ല ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനായി ഒരുങ്ങുന്നത്. കഴിഞ്ഞ ജനുവരിയിൽ ടീമിലെത്തി സമ്മറിൽ ചെൽസിയിലേക്ക് പോയ ഒബാമയാങ്ങും ബാഴ്‌സയിലേക്ക് മടങ്ങി വരുന്നുണ്ട്. ചെൽസിയിൽ അവസരങ്ങളില്ലാതായ താരം സാവിയുടെ കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ ഒബാമയാങ് ബാഴ്‌സലോണക്ക് പിന്തുണ നൽകാൻ എത്തിയിരുന്നു.

Rate this post