മെസിക്കും മുന്നിലെത്തി ലൗടാരോ മാർട്ടിനസ്, ലോകകപ്പിൽ എവിടെയായിരുന്നുവെന്ന് ആരാധകർ

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിയാതിരുന്ന താരമാണ് ലൗടാരോ മാർട്ടിനസ്. ടോപ് സ്‌കോറർ ആകുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരം ഒരു ഗോൾ പോലും ടൂർണമെന്റിൽ നേടിയില്ലെന്ന് മാത്രമല്ല, ഒരുപാട് അവസരങ്ങൾ തുലച്ചു കളഞ്ഞ് ആരാധകരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്‌തിരുന്നു.

എന്നാൽ ലോകകപ്പിന് ശേഷമുള്ള അർജന്റീന താരങ്ങളുടെ ഗോളുകളുടെ എണ്ണം എടുത്തു നോക്കുമ്പോൾ അതിൽ ലയണൽ മെസിക്കും മുന്നിലാണ് ലൗടാരോ മാർട്ടിനസ്. ലോകകപ്പിൽ ഫോമൗട്ടായെങ്കിലും അതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തി മികച്ച പ്രകടനം നടത്തുന്ന താരം പതിമൂന്നു ഗോളുകളാണ് നേടിയിട്ടുള്ളത്. പന്ത്രണ്ടു ഗോളുകളുമായി ലയണൽ മെസി രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

ലോകകപ്പിൽ അവസരങ്ങൾ ഇല്ലായിരുന്നെങ്കിലും ഈ സീസണിൽ റോമയിലേക്ക് ചേക്കേറി ഗംഭീര പ്രകടനം നടത്തുന്ന പൗളോ ഡിബാല ഒൻപതു ഗോളുകളോടെ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. എട്ടു ഗോളുകൾ വീതം നേടിയ യുവന്റസ് താരം ഏഞ്ചൽ ഡി മരിയ, മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരസ്, അമേരിക്കൻ ലീഗിൽ അറ്റ്‌ലാന്റാ യുണൈറ്റഡ് താരം തിയാഗോ അൽമാഡ എന്നിവരും ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നു.

ഇതിൽ അൽവാരസിന്റെ പ്രകടനത്തെക്കുറിച്ചും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ലോകകപ്പിൽ ലൗടാരോ മാർട്ടിനസിന്‌ പകരം ആദ്യ ഇലവനിൽ ഇടം നേടിയ താരം നാല് ഗോളുകളോടെ ടൂർണമെന്റ് വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ ഹാലാൻഡിന്റെ ബാക്കപ്പ് എന്ന നിലയിൽ കളിച്ചാണ് താരം ഇത്രയും ഗോളുകൾ നേടിയിട്ടുള്ളത്.

ഈ താരങ്ങളിൽ പലരും യൂറോപ്യൻ കിരീടത്തിനായും പൊരുതുന്നുണ്ട്. ഇന്റർ മിലാനൊപ്പം ലൗടാരോ മാർട്ടിനസും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം അൽവാറസും ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിയിട്ടുണ്ട്. അതിനു പുറമെ യുവന്റസിനൊപ്പം ഏഞ്ചൽ ഡി മരിയ, റോമക്കൊപ്പം പൗളോ ഡിബാല എന്നിവർ യൂറോപ്പ ലീഗിന്റെ സെമിയിലും എത്തിയിട്ടുണ്ട്.