മെസ്സിയും നെയ്മറും വീണ്ടും ക്യാമ്പ്നൗവിലേക്ക്; നിർണായക നീക്കങ്ങളുമായി ബാഴ്സ
മെസ്സി- സുവാരസ്- നെയ്മർ അഥവാ എംഎസ്എൻ. ഒരിക്കൽ ആധുനിക ഫുട്ബാളിലെ ഏറ്റവും അപകടകാരികളായ മുന്നേറ്റ ത്രയമായിരുന്നു ഇത്. എന്നാൽ 2017 ൽ നെയ്മർ ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് പോയതോടെ എംഎസ്എൻ സഖ്യത്തിന്റെ തകർച്ച തുടങ്ങി. 2020 ൽ ലൂയി സുവാരസും 2021 ൽ മെസ്സിയും ബാഴ്സ വിട്ടതോടെ പ്രതിരോധക്കോട്ടയെ വിറപ്പിച്ച എംഎസ്എൻ സഖ്യം പൂർണമായും പിരിഞ്ഞു.
2020 ൽ ബാഴ്സ വിട്ട സുവാരസ് പിന്നീട് അത്ലറ്റിക്കോ മാഡ്രിഡിലും നിലവിൽ ബ്രസീലിയൻ ക്ലബിന് വേണ്ടിയും കളിക്കുകയാണ്. യൂറോപ്പിലേക്ക് ശക്തമായ ഒരു തിരിച്ച് വരവ് നടത്താൻ സുവാരസിന് ഇനി സാധിക്കില്ല.എന്നാൽ ഇപ്പോഴും എതിരാളികളെ വിറപ്പിക്കാൻ എംഎസ്എൻ സംഖ്യത്തിലെ മെസ്സിക്കും നെയ്മർക്കും സാധിക്കും.
ഇരുവരും ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലാണ് കളിക്കുന്നതെങ്കിലും പിഎസ്ജിയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ ഇരുവരുടെയും പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. സീസൺ അവസാനം ഇരുവരെയും പിഎസ്ജി വിറ്റഴിക്കുമെന്ന് ശക്തമായ റിപ്പോർട്ടുകളുമുണ്ട്.ഇതിൽ മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ മെസ്സിക്ക് പുറമെ നെയ്മറെയും തിരിച്ചെത്തിക്കാനാണ് ബാഴ്സയുടെയും പരിശീലകൻ സാവിയുടെയും പദ്ധതിയെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നെയ്മറുടെയും മെസ്സിയുടെയും ക്ലബ് കാലഘട്ടത്തിലെ ഏറ്റവും മികച്ച സമയം ബാഴ്സയിലായിരുന്നു. അതിനാൽ ഇരുവരും ബാഴ്സയിലേക്ക് തിരിച്ചെത്തുന്നത് ആരാധകരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കൂടാതെ പഴയ എംഎസ്എൻ സഖ്യത്തിന് പകരം മെസ്സി- ലെവണ്ടോസ്കി- നെയ്മർ ത്രയവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.അതേ സമയം ഇരുവരെയും ടീമിലെത്തിക്കാൻ ബാഴ്സ പല താരങ്ങളെയും വിൽക്കാനും ശ്രമിക്കുന്നുണ്ട്. അൻസു ഫാറ്റി, ഫെറൻ ടോറസ്, റാഫിഞ്ഞ എന്നിവരെയാണ് ബാഴ്സ വിൽക്കാൻ ശ്രമിക്കുന്നത്.