റെക്കോർഡുകൾ കീഴടക്കി നെയ്മർ കുതിക്കുന്നു ,മെസ്സിയും റൊണാൾഡോയും ഇനി ബ്രസീലിയന് പിന്നിൽ |Neymar

222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് തുകയ്ക്ക് 2017ൽ ബാഴ്‌സലോണയിൽ നിന്ന് നെയ്മർ ജൂനിയർ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചേക്കേറിയപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ഫ്രഞ്ച് ക്ലബിന്റെ മുന്നേറ്റത്തിന് അദ്ദേഹം നേതൃത്വം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു.പക്ഷേ ഒരു തവണ ഫൈനലിൽ എത്തിയതൊഴിച്ചാൽ വലിയ രീതിയിലുള്ള മുന്നേറ്റം നടത്താൻ സാധിച്ചില്ല.

നിരന്തരമായ പരിക്കുകളും പിച്ചിന് പുറത്തെയും അകത്തേയും പല കാരങ്ങൾകൊണ്ടും തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം കാഴ്‌ച വെക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസൺ അവസാനത്തോടെ ബ്രസീലിയൻ പിഎസ്ജി വിടും എന്ന രീതിയിലുള്ള വാർത്തകൾ പുറത്ത് വരികയും ചെയ്തു.എന്നാൽ തനിക്ക് നേരെ ഉയർന്ന വിമര്ശനങ്ങക്കും പരിഹാസങ്ങൾക്കും ഗോളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും മറുപടി നൽകുകയാണ് 30 കാരൻ .സീസണിന്റെ തുടക്കത്തിൽ തന്റെ ആദ്യ ആറ് മത്സരങ്ങളിൽ ശ്രദ്ധേയമായ ഒമ്പത് ഗോളുകളും ആറ് അസിസ്റ്റുകളും നേടി ബ്രസീലീയൻ മിന്നുന്ന ഫോമിലാണ്.

ലീഗിലെ ടോപ് സ്‌കോറർ, ടോപ് അസിസ്റ്റ് മേക്കർ പട്ടികയിൽ മുന്നിൽ നിൽക്കുന്നതും നെയ്മറാണ് . ക്ലബ്ബിനും രാജ്യത്തിനുമായി തുടർച്ചയായി ഗോൾ സംഭാവനകളിൽ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും റെക്കോർഡ് മറികടന്നിരിക്കുകയാണ് നെയ്മർ. ഇന്നലെ ലീഗ് 1 ൽ ടുലൂസിനെതിരെ പിഎസ്ജിയുടെ 3-0 വിജയത്തിൽ 37-ാം മിനിറ്റിൽ നെയ്മറാണ് മെസ്സിയുടെ പാസിൽ നിന്നും ആദ്യ ഗോൾ സ്കോർ ചെയ്തത്. ഈ ഗോളോട് കൂടി ക്ലബ്ബിനും രാജ്യത്തിനുമായി തുടർച്ചയായി 16 മത്സരങ്ങളിൽ അദ്ദേഹം സ്‌കോർ ചെയ്യുകയും അസിസ്‌റ്റ് ചെയ്യുകയും ചെയ്‌തു.ദക്ഷിണ കൊറിയയ്ക്കും ജപ്പാനും എതിരായ വിജയങ്ങളിൽ ബ്രസീലിയൻ ദേശീയ ടീമിനായി നേടിയ ഗോളുകളും അസിസ്റ്റുകളും അതിൽ ഉൾപ്പെടുന്നു.

റൊണാൾഡോയുടെയും മെസ്സിയുടെയും 15 ഗോൾ സംഭാവനകളുടെ റെക്കോർഡ് ആണ് നെയ്മർ സ്വന്തം പേരിലാക്കിയയത്.ലീഗിൽ പിഎസ്‌ജി അഞ്ചു മത്സരങ്ങൾ കളിച്ചപ്പോൾ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങാതെ മുന്നോട്ടു പോകുന്നതിൽ നെയ്‌മറുടെ പ്രകടനം തന്നെയാണ് പ്രധാനമായും പങ്കു വഹിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന നെയ്‌മർ തനിക്കെതിരായ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുന്ന പ്രകടനമാണ് കളിക്കളത്തിൽ കാഴ്‌ച വെക്കുന്നത്. ഖത്തർ വേൾഡ് കപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോൾ നെയ്മറുടെ ഫോം ബ്രസീലിനും വലിയ പ്രതീക്ഷകളാണ് നൽകുന്നത്.