മെസ്സി ബാഴ്സയിൽ തുടർന്നതിൽ അത്ഭുതമില്ല, അദ്ദേഹം മുപ്പത്തിയെട്ടാം വയസ്സ് വരെ ബാഴ്സയിൽ കളിക്കുന്നത് താൻ കാണുന്നുവെന്ന് റിവാൾഡോ.

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിൽ തുടർന്നതിൽ അത്ഭുതമില്ലെന്ന് ബാഴ്‌സയുടെ ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ബെറ്റ്ഫയറിന്റെ അംബാസിഡറായ റിവാൾഡോ അവർക്ക് നൽകിയ അഭിമുഖത്തിലാണ് മെസ്സിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിച്ചത്. മെസ്സി മുപ്പത്തിയെട്ടാം വയസ്സ് വരെ ബാഴ്സയിൽ കളിക്കുന്നത് താൻ കാണുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പ്രസിഡന്റ്‌ വരുന്നതോടെ മെസ്സി ബാഴ്‌സയിൽ തുടരാൻ സാധ്യതയുണ്ടെന്നും റിവാൾഡോ അറിയിച്ചു.

” മെസ്സി ബാഴ്സയിൽ തുടരുമെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. ഈ സീസണിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാനുണ്ട്. ബാഴ്‌സ റൊണാൾഡ് കൂമാന്റെ കീഴിൽ പുതിയൊരു ജീവിതം ആരംഭിക്കുന്നു. മാത്രമല്ല മാർച്ചിൽ പ്രസിഡന്റ്‌ ഇലക്ഷൻ നടക്കുന്നു. മെസ്സി നിലവിലെ പ്രസിഡന്റ്‌ ബർത്തോമുവിനെ വിമർശിച്ചിരുന്നു. അടുത്ത മാർച്ചിൽ പുതിയ പ്രസിഡന്റ്‌ ബാഴ്‌സക്ക് ഉണ്ടാവും. ഇതിനാൽ തന്നെ മെസ്സി ബാഴ്സയിൽ തുടർന്നേക്കും ” റിവാൾഡോ പറയുന്നു.

” മെസ്സിയുടെ ജീവിതം ബാഴ്‌സയിലാണ്. അദ്ദേഹത്തിന്റെ കുടുംബം ഇവിടെ ആസ്വദിക്കുന്നു. ആരാധകരുമായി അഭേദ്യമായ ബന്ധമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടൊക്കെ തന്നെയാണ് അദ്ദേഹം ബാഴ്സയിൽ തുടരാൻ തീരുമാനിച്ചത്. പുതിയ പ്രസിഡന്റ്‌ വരുമ്പോൾ മെസ്സിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവകൾ പരിഹരിക്കപ്പെടാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും കഴിയും. അത്കൊണ്ട് തന്നെ മെസ്സി ബാഴ്സയുമായി കരാർ പുതുക്കുകയും ചെയ്യും ” റിവാൾഡോ തുടരുന്നു.

” മെസ്സി ബാഴ്‌സയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം മുപ്പത്തിയെട്ട് വയസ്സുവരെ ബാഴ്സയിൽ കളിക്കുന്നതായി ഞാൻ കാണുന്നു. മെസ്സി ബാഴ്‌സ വിടാൻ അനുവാദം ചോദിച്ച കാരണത്താൽ പലരും അദ്ദേഹത്തിന്റെ ആത്മാർത്ഥയെ ചോദ്യം ചെയ്യുന്നത് കണ്ടു. എന്നാൽ എനിക്ക് തോന്നുന്നത് മുമ്പ് അദ്ദേഹം എങ്ങനെ ആയിരുന്നുവോ അത്പോലെ തന്നെ ആയിരിക്കും മെസ്സി ഈ സീസണിലും. അദ്ദേഹം ഇഷ്ടപ്പെടുന്ന ക്ലബ്ബിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം തന്നെ മെസ്സി പുറത്തെടുക്കും ” റിവാൾഡോ കൂട്ടിച്ചേർത്തു.

Rate this post