മെസ്സിക്ക് വേണമെങ്കിൽ സെവിയ്യയിൽ സ്ഥാനം കണ്ടെത്താം, താരം ബാഴ്‌സയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് റാക്കിറ്റിച്ച്.

കഴിഞ്ഞ ദിവസമായിരുന്നു ക്രോയേഷ്യൻ സൂപ്പർ താരം ഇവാൻ റാക്കിറ്റിച് ബാഴ്സ വിട്ട് സെവിയ്യയിലേക്ക് തന്നെ മടങ്ങിയത്. ആറു വർഷക്കാലം ബാഴ്സയിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്തതിന് ശേഷമാണ് താരം തിരികെ സെവിയ്യയിലേക്ക് തന്നെ മടങ്ങിയത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ തന്നെ താരം ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അത്‌ ഇപ്രാവശ്യമാണ് യാഥാർത്ഥ്യമായത്. പുതിയ പരിശീലകൻ കൂമാന് താരത്തിനെ ആവിശ്യമില്ലാതെ വരികയായിരുന്നു.

ഇന്നലെ താരത്തെ സെവിയ്യ ക്ലബ്ബിൽ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ സുപ്പർ താരം ലയണൽ മെസ്സിയെ കുറിച്ച് റാക്കിറ്റിച് പരാമർശിക്കുകയും ചെയ്തു. മെസ്സി ലാലിഗയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് റാക്കിറ്റിച് ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചത്. മെസ്സി സെവിയ്യക്ക് യോജിക്കുമോ എന്ന ചോദ്യത്തിന് മെസ്സിക്ക് സെവിയ്യയിൽ നമുക്ക് ഒരു സ്ഥാനം കണ്ടെത്താമെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

” മെസ്സി ലാലിഗയിൽ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷെ മെസ്സി ബാഴ്സ വിട്ടാലും അത്‌ ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് മാറ്റം വരുത്തില്ല. ഞങ്ങൾക്ക് ഓരോ മത്സരവും മികച്ച രീതിയിൽ കളിക്കാനും അത്‌ വഴി വിജയങ്ങൾ നേടാനുമാണ് ആഗ്രഹം.മെസ്സിക്ക് വേണമെങ്കിൽ സെവിയ്യയിൽ ഒരു സ്ഥാനം കണ്ടെത്താം. അതൊന്നും പ്രശ്നമുള്ള കാര്യമല്ല. സെവിയ്യയുടെ വളർച്ച കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഇത് മികച്ചൊരു കൂട്ടുകെട്ടാണ് ” റാക്കിറ്റിച് പറഞ്ഞു.

” ഒരു യഥാർത്ഥ സമയത്താണ് ഞാൻ സെവിയ്യയിലേക്ക് തിരിച്ചു വന്നതെന്ന് ഞാൻ കരുതുന്നു. ഞാൻ കൂടുതൽ മികച്ച രീതിയിൽ ആണ് തിരിച്ചു വന്നിരിക്കുന്നത്. ഒരുപാട് കിരീടങ്ങൾ നേടാനും ഒരുപാട് വലിയ മത്സരങ്ങൾ കളിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തിനെ പ്രതിനിധീകരിച്ചു കൊണ്ട് വേൾഡ് കപ്പ് ഫൈനലിൽ കളിക്കാൻ സാധിച്ചു. കൂടുതൽ പുരോഗതി കൈവരിച്ചും കൂടുതൽ ആത്മവിശ്വാസത്തോടെയും കൂടിയാണ് ഞാൻ ഇവിടേക്ക് തിരിച്ചു വന്നിരിക്കുന്നത് ” റാക്കിറ്റിച് പറഞ്ഞു.

Rate this post