“അവനൊപ്പം കളിക്കാനും തോളുരുമ്മി നടക്കാനും കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്”- ലയണൽ മെസി പറയുന്നു

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ബാഴ്‌സലോണയിലെ എംഎസ്എൻ ത്രയം. ലാറ്റിനമേരിക്കയിലെ മൂന്നു രാജ്യങ്ങളിലെ പ്രധാന താരങ്ങൾ കളിക്കളത്തിലും പുറത്തും അടുത്ത സുഹൃത്തുക്കളായി മാറിയപ്പോൾ പിറന്ന ഗോളുകൾ നിരവധിയാണ്. നെയ്‌മർ ക്ലബ് വിട്ടത് എംഎസ്എൻ ത്രയത്തിനു അവസാനം കുറിച്ചെങ്കിലും അതിനു ശേഷവും മെസിയും സുവാരസും ഒരുമിച്ച് കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മെസി പിഎസ്‌ജിയിൽ എത്തിയതോടെ നെയ്‌മറുമായി വീണ്ടുമൊരു കൂട്ടുകെട്ടുണ്ടാക്കാൻ അർജന്റീന താരത്തിന് കഴിഞ്ഞു.

ലാറ്റിനമേരിക്കയിലെ പ്രധാന എതിരാളികളായ ബ്രസീലിനും അർജന്റീനക്കും വേണ്ടിയാണ് കളിക്കുന്നതെങ്കിലും ഇരുവരും തമ്മിൽ വളരെ അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ട്. കളിക്കളത്തിൽ ഇരുവരും കാണിക്കുന്ന ഒത്തൊരുമ ഈ സീസണിൽ പിഎസ്‌ജിയുടെ കുതിപ്പിന് ശക്തി പകരുകയും ചെയ്യുന്നു. നിലവിൽ ഇന്റർനാഷണൽ ബ്രെക്കിലെ സൗഹൃദമത്സരങ്ങൾ കളിക്കാൻ അർജന്റീന ടീമിന്റെ കൂടെയുള്ള മെസി കഴിഞ്ഞ ദിവസം തന്റെ പിഎസ്‌ജി സഹതാരത്തെ പ്രശംസിക്കുകയും നെയ്‌മറുടെ കൂടെ കളിക്കാൻ കഴിയുന്നതിലുള്ള സന്തോഷം വെളിപ്പെടുത്തുകയും ചെയ്‌തു.

“നെയ്‌മറുടെ കൂടെയാകുമ്പോൾ, ഞങ്ങൾക്ക് രണ്ടു പേർക്കും ഹൃദയം കൊണ്ടറിയാം. ഞങ്ങൾ ബാഴ്‌സയിൽ ഒരുമിച്ച് തകർത്തു വാരിയ പ്രകടനം നടത്തിയവരാണ്. അതിനു ശേഷം പാരീസിൽ ഞങ്ങൾക്ക് കണ്ടുമുട്ടാൻ അവസരം ജീവിതം തന്നു. താരത്തിനൊപ്പം കളിക്കാൻ കഴിയുന്നതിലും, എന്നും തോളുരുമ്മി നടക്കാൻ കഴിയുന്നതിലും ഞാൻ സന്തോഷവാനാണ്.” ടിയുഡിഎന്നിനു നൽകിയ അഭിമുഖത്തിൽ ലയണൽ മെസി പറഞ്ഞു.

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന പിഎസ്‌ജിക്കായി ഈ രണ്ടു താരങ്ങളും എംബാപ്പയും അടങ്ങുന്ന സഖ്യം മികച്ച പ്രകടനം നടത്തുന്നുണ്ട്. ലയണൽ മെസി പതിനൊന്നു മത്സരങ്ങളിൽ നിന്നും എട്ടു ആറു ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയപ്പോൾ പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ഏറ്റവും മികച്ച പ്രകടനം നടത്തുന്ന നെയ്‌മർ പതിനൊന്നു ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ഈ സീസണിൽ സ്വന്തമാക്കിയത്. ഇവർക്കൊപ്പം ഇറങ്ങുന്ന എംബാപ്പയുടെ പേരിൽ പത്തു ഗോളുകളുമുണ്ട്.

പിഎസ്‌ജിയിൽ തോളോടു തോൾ ചേർന്ന് നിൽക്കുമ്പോഴും ലോകകപ്പിൽ രണ്ടു താരങ്ങളും എതിർചേരിയിലേക്ക് മാറും. ഈ ലോകകപ്പിൽ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ബ്രസീലും അർജന്റീനയുമുണ്ട്. ഫൈനലിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള സ്വപ്‌നഫൈനൽ ഉണ്ടായാൽ ആരാധകർക്കത് വലിയൊരു വിരുന്നു തന്നെയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.