മെസിക്കു വേണ്ടത് പിഎസ്ജിയിൽ ലഭിക്കുന്നില്ല, അർജൻറീന താരത്തിന് ഫ്രാൻസിൽ നിന്നും പിന്തുണ |Lionel Messi

കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ ക്ലബ് തലത്തിൽ കഴിഞ്ഞില്ലെങ്കിലും തനിക്കെന്തു സാധിക്കുമെന്ന് ലയണൽ മെസി ഖത്തർ ലോകകപ്പിൽ തെളിയിച്ചു. തന്നെ കേന്ദ്രീകരിച്ചു കളിക്കുന്ന ഒരു ടീമിനെ വളരെ ആത്മവിശ്വാസത്തോടെ നയിച്ച മെസി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് അർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്കു നയിച്ചു.

ലോകകപ്പ് നേട്ടത്തിന്റെ സന്തോഷത്തിലുള്ള മെസിയെ നിരാശയിലാഴ്ത്തിയാണ് കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായത്. മെസി ക്ലബിലെത്തിയതിനു ശേഷമുള്ള രണ്ടു സീസണുകളിലും പിഎസ്ജി പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു. ബാഴ്സയിൽ മെസി ഒരിക്കൽ പോലും തുടർച്ചയായ രണ്ടു സീസൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്തായിട്ടില്ല.

പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയത് മെസിയുടെ പിഴവല്ലെന്നും താരത്തെ ക്ലബ് വേണ്ടതു പോലെ ഉപയോഗിക്കുന്നില്ലെന്നുമാണ് മുൻ ഫ്രഞ്ച് താരം സമീർ നസ്റി പറയുന്നത്. “തനിക്കു ചുറ്റും കളിക്കുന്ന താരങ്ങളുണ്ടെങ്കിൽ മെസി നൂറു ശതമാനം മികച്ച പ്രകടനം നടത്തും. കഴിഞ്ഞ ലോകകപ്പിൽ അതു കണ്ടതാണ്, പിഎസ്ജിയിൽ ലഭിക്കാത്തതും അതു തന്നെ.” നസ്റി പറഞ്ഞു.

അതിനിടയിൽ ലയണൽ മെസിയുടെ കരാർ പുതുക്കാനുള്ള ഓഫർ പിഎസ്ജി പിൻവലിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. ക്ലബിന്റെ ആരാധകരുടെ രോഷമാണ് ഇതിനു കാരണമെന്നാണ് സൂചനകൾ. അതേ സമയം മെസി ആരാധകർക്ക് താരം ഫ്രഞ്ച് ക്ലബ് വിടണമെന്നാണ് ആഗ്രഹം. മെസിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്ന ക്ലബിലേക്ക് ചേക്കേറണമെന്നാണ് അവർ അഗ്രഹിക്കുന്നത്.

Rate this post
Lionel Messi