മെസ്സി നിയമം ലംഘിച്ചു; നടപടിക്ക് സാധ്യത; അമേരിക്കയിൽ പുതിയ വിവാദം|Lionel Messi

എംഎൽഎസിലെ ഗംഭീര അരങ്ങേറ്റത്തിന് പിന്നാലെ ലയണൽ മെസ്സിയെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങൾ. മത്സരശേഷം മെസ്സി മാധ്യമങ്ങളോട് സംസാരിച്ചില്ല എന്നതാണ് പുതിയ വിവാദങ്ങൾക്കുള്ള കാരണം. മത്സരശേഷം എല്ലാ താരങ്ങളും മാധ്യമങ്ങൾക്കു മുമ്പാകെ സംസാരിക്കണം എന്നത് എംഎൽഎസ്സിലെ നിയമമാണ്.

ഈ നിയമമാണ് മെസ്സി ലംഘിച്ചു എന്ന വിമർശനം ഉയരുന്നത്. എല്ലാ കളിക്കാരും മത്സരശേഷം മാധ്യമങ്ങളെ കാണണമെന്ന് എം‌.എൽ.‌എസിന്റെ കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാൻ കോർട്ടമാഞ്ചെ പറഞ്ഞതായുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് മെസ്സി നിയമലംഘനം നടത്തിയതായി വിമർശനം ഉയരുന്നത്.അതേസമയം മെസ്സിയെ മത്സരങ്ങൾക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരില്ല എന്ന് മയാമി വക്താവ് മോളി ഡ്രസക പറഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഈ രണ്ടു റിപ്പോർട്ടുകളും മെസ്സി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ ഫുട്ബോളിൽ പുതിയ വിവാദങ്ങൾ ഉയരുന്നത്. ഒരു താരത്തിന് വേണ്ടി മാത്രം എങ്ങനെയാണ് ഒരു ലീഗിലെ നിയമം മാറ്റാൻ ആകുക എന്ന ചോദ്യമാണ് പ്രധാനമായും വിമർശകർ ഉയർത്തുന്നത്. വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ എംഎൽഎസ് അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മെസ്സി നിയമം ലംഘിച്ചതായോ, ലംഘിച്ചെങ്കിൽ മെസ്സി നേരിടേണ്ട നടപടികളെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല. വിമർശനങ്ങൾ കൂടുതൽ ശക്തമായാൽ ഈ വിഷയത്തിൽ എംഎൽഎസ് അധികൃതർ ഒരു പ്രതികരണം നടത്തിയേക്കും.

രണ്ടു ദിവസങ്ങൾക്കു മുമ്പ് നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയാണ് മെസ്സി എംഎൽഎസ് അരങ്ങേറ്റം നടത്തിയത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച മയാമിയ്ക്ക് വേണ്ടി അറുപതാം മിനിറ്റിൽ പകരക്കാരൻ ആയാണ് മെസ്സി ഇറങ്ങിയത്. 89 ആം മിനിറ്റിൽ മെസ്സി ഒരു തകർപ്പൻ ഗോൾ നേടുകയും ചെയ്തു. ഈ മത്സരത്തിന് പിന്നാലെ മെസ്സി മാധ്യമങ്ങളോട് സംസാരിക്കാത്തതാണ് പുതിയ വിവാദങ്ങൾക്കുള്ള തുടക്കം.

Rate this post
Lionel Messi