ലയണൽ മെസിക്കെതിരെ പിഎസ്‌ജി സ്‌ക്വാഡും തിരിയുന്നു, താരം വലിയ കുരുക്കിലേക്ക്

ലോറിയന്റിനെതിരെ നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിൽ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങുകയായിരുന്നു പിഎസ്‌ജി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയതോടെ ഈ സീസണിൽ ആകെയുള്ള കിരീടപ്രതീക്ഷയായ ഫ്രഞ്ച് ലീഗിലും പിഎസ്‌ജി ചെറിയ പ്രതിസന്ധി നേരിടുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയേക്കാൾ അഞ്ചു പോയിന്റ് മാത്രം മുന്നിലാണ് പിഎസ്‌ജിയിപ്പോൾ നിൽക്കുന്നത്.

തോൽവി വഴങ്ങിയ മത്സരത്തിന് പിന്നാലെ ലയണൽ മെസി ഫ്രാൻസ് വിട്ടത് ചർച്ചയായിരുന്നു. സൗദി അറേബ്യയിലേക്കാണ് താരം പോയത്. സൗദി അറേബ്യ ടൂറിസം അംബാസിഡറായ മെസി അതിന്റെ ക്യാമ്പയ്‌നിന്റെ ഭാഗമായാണ് രാജ്യത്തെത്തിയത്. ലയണൽ മെസിയും സംഘവും സൗദിയിൽ ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയും ചെയ്‌തു.

അതേസമയം ലയണൽ മെസിയുടെ ഈ സൗദി സന്ദർശനം പിഎസ്‌ജിയുടെ അറിവില്ലാതെയാണെന്നാണ് ആർഎംസി സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്. പിഎസ്‌ജി പരിശീലകനായ ഗാൾട്ടിയാർക്കും സ്പോർട്ടിങ് ഡയറക്റ്റർ ലൂയിസ് കാംപോസിനും ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നും താരം സൗദിയിൽ എത്തിയതിനു ശേഷമാണ് അവരിത് അറിയുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പിഎസ്‌ജി സ്‌ക്വാഡും മെസി രാജ്യം വിട്ടതിൽ അമ്പരപ്പിലാണ്. പലരും പരിശീലനത്തിനായി എത്തിയപ്പോഴാണ് ലയണൽ മെസി ക്ലബിന്റെ സമ്മതമില്ലാതെ സൗദിയിലേക്ക് പോയെന്ന് അറിയുന്നത്. ലോകകപ്പിന് ശേഷം ലയണൽ മെസി നിരവധി തവണ അവധി ദിവസങ്ങൾ കുടുംബത്തിനൊപ്പം ആഘോഷിച്ചത് താരങ്ങളിൽ അതൃപ്‌തി ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

പിഎസ്‌ജി ആരാധകർ നേരത്തെ തന്നെ പല തവണ മെസിക്കെതിരെ തിരിഞ്ഞു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ പുതിയ സംഭവവികാസങ്ങൾ താരത്തിനെതിരെ ആരാധകരുടെ രോഷം തിരിയാൻ കാരണമാകുമെന്ന് ഉറപ്പാണ്. അതേസമയം ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യത കൂടിയത് കൊണ്ടാണോ മെസി പിഎസ്‌ജിയുടെ തീരുമാനമില്ലാതെ യാത്ര ചെയ്‌തതെന്ന കാര്യത്തിൽ വ്യക്തതയില്ല.