ഫുട്ബോൾ കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച താരം മെസ്സി, അദ്ദേഹം വേൾഡ് കപ്പ് നേടണം: ലിവർപൂൾ ലെജന്റ് കാരഗർ

ലയണൽ മെസ്സി തന്നെയാണ് എപ്പോഴും ലോകഫുട്ബോളിൽ ചർച്ച ചെയ്യപ്പെടുന്നത്. ഓരോ മത്സരത്തിനു ശേഷവും മെസ്സിയെ കുറിച്ച് സംസാരിക്കാൻ ഫുട്ബോൾ നിരീക്ഷകർക്കും പണ്ഡിറ്റുകൾക്കും ഇതിഹാസങ്ങൾക്കും മുൻ താരങ്ങൾക്കുമൊക്കെ നൂറു നാവാണ്.കഴിഞ്ഞ ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിലും മിന്നുന്ന പ്രകടനം നടത്തിയ മെസ്സി മനോഹരമായ ഒരു ഗോളിന്റെ ഉടമയുമായിരുന്നു.

അതിനുശേഷം ലയണൽ മെസ്സിയെ വാഴ്ത്തിക്കൊണ്ട് ഒരുപാട് പേർ സംസാരിച്ചിരുന്നു. ചരിത്രത്തിലെ മികച്ച താരം എന്നാണ് സഹതാരമായ വെറാറ്റി പറഞ്ഞത്. മാത്രമല്ല ഫുട്ബോൾ ദൈവങ്ങളുടെ സമ്മാനം എന്നാണ് ഗാരി ലിനേക്കർ മെസ്സിയെ വിശേഷിപ്പിച്ചിട്ടുള്ളത്.

ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിനുശേഷം ലിവർപൂൾ ലെജന്റായ ജാമി കാരഗറും മെസ്സിയെ പ്രശംസിച്ചിട്ടുണ്ട്.ഫുട്ബോൾ കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി എന്നാണ് ഇപ്പോൾ കാരഗർ പറഞ്ഞിട്ടുള്ളത്. വരുന്ന വേൾഡ് കപ്പിനെ കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

‘ ഫുട്ബോൾ കളിച്ചിട്ടുള്ള എക്കാലത്തേയും മികച്ച താരം ലയണൽ മെസ്സിയാണ് എന്നുള്ളത് എനിക്കിപ്പോൾ പറയാൻ സാധിക്കും. വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയും ലയണൽ മെസ്സിയും കിരീടം ചൂടണം. അതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യവും നിലവിലില്ല ‘ ജാമി കാരഗർ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് കാരഗർ.എന്നാൽ ഇംഗ്ലണ്ട് വേൾഡ് കപ്പ് എടുക്കുന്നതിനേക്കാൾ അദ്ദേഹം മുൻഗണന നൽകുന്നത് അർജന്റീനയും മെസ്സിയും വേൾഡ് കപ്പ് എടുക്കുന്നതിനെയാണ്.മെസ്സിയെ അദ്ദേഹം എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുന്നുണ്ടെന്നും ഈ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.