എതിരാളികളെ പോലും അമ്പരപ്പിക്കും, നിലത്ത് വീണു കിടന്നിട്ടും അവിശ്വസനീയ ‘ നോ ലുക്ക് ‘ പാസുമായി മെസ്സി

ലീഗ് വണ്ണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ നീസിനെയായിരുന്നു പിഎസ്ജി പരാജയപ്പെടുത്തിയിരിക്കുന്നത്. ലയണൽ മെസ്സിയുടെ ഗോൾ ഈ വിജയത്തിൽ വലിയ പങ്ക് വഹിച്ചു. മത്സരത്തിന്റെ 28ആം മിനുട്ടിൽ ഒരു ഡയറക്ട് ഫ്രീകിക്കിലൂടെയാണ് ലിയോ മെസ്സി ഗോൾ കണ്ടെത്തിയിരുന്നു.

മത്സരത്തിൽ മികച്ച രൂപത്തിൽ തന്നെയാണ് മെസ്സി കളിച്ചിരുന്നത്. മത്സരത്തിന്റെ അവസാനം മെസ്സിയെ പിൻവലിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ച് മെസ്സിയെ യാത്രയാക്കിയത് ഇതിനുള്ള ഒരു ഉദാഹരണം തന്നെയാണ്. സമീപകാലത്ത് ഓരോ മത്സരം കൂടുന്തോറും കൂടുതൽ മികവിലേക്ക് ഉയർന്നുയർന്നു വരുന്ന മെസ്സിയെയാണ് ലോക ഫുട്ബോളിന് കാണാൻ സാധിക്കുന്നത്.

അതിനുള്ള ഒരു ഉദാഹരണം ഇന്നലത്തെ മത്സരത്തിൽ തന്നെയുണ്ട്. അതായത് ഇന്നലത്തെ മത്സരത്തിന്റെ 57 ആമത്തെ മിനിറ്റിൽ ലയണൽ മെസ്സി പന്തുമായി കുതിക്കുന്നതിനിടയിൽ പിറകിൽ നിന്ന് ഒരു എതിർ താരം താരത്തെ വീഴ്ത്തുകയാണ്. എന്നാൽ വീഴുന്നതിനടക്കും പന്തിലുള്ള തന്റെ നിയന്ത്രണം നഷ്ടപ്പെടുത്താൻ ലയണൽ മെസ്സി തയ്യാറായിരുന്നില്ല.ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു അത്ഭുതകരമായ, അവിശ്വസനീയമായ ത്രൂ പാസായിരുന്നു മെസ്സിയുടെ കാലിൽ നിന്നും അപ്പോൾ പിറന്നത്.

നിലത്ത് വീണതിനുശേഷം മെസ്സി തന്റെ തൊട്ടടുത്തുള്ള പന്തിനെ തന്റെ എതിർ ദിശയിലേക്ക് പാസ് ചെയ്യുകയാണ്. ആ പാസ് നൽകുമ്പോൾ തന്റെ സഹതാരമായ നെയ്മറെ മെസ്സിക്ക് കാണാൻ പോലുമാവുന്നില്ല. ആ പാസ് നൽകിയതിനുശേഷമാണ് മെസ്സി അങ്ങോട്ടു നോക്കുന്നത് എന്നുള്ളത് ദൃശ്യങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. ഒരു ‘നോ ലുക്ക്’ തന്നെയാണ് മെസ്സിയിൽ നിന്ന് പിറന്നത്. സഹതാരമായ നെയ്മർ ജൂനിയർ അത് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ സ്വീകരിക്കുകയും ചെയ്തു.

ഒരു ഫൗളിന് വേണ്ടി വാദിക്കാതെ ഉടൻതന്നെ ആ പന്ത് തന്റെ സഹതാരത്തിലേക്ക് എങ്ങനെ എത്തിക്കാം എന്നാണ് ആ നിമിഷത്തിൽ ലയണൽ മെസ്സി ചിന്തിച്ചത്. ഡെഡിക്കേഷൻ എന്ന പദത്തിന്റെ മറ്റൊരു പര്യായമാവുകയായിരുന്നു ലിയോ മെസ്സി. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വളരെ വേഗത്തിൽ വൈറലായി കൊണ്ടിരിക്കുകയാണ്. മെസ്സി എന്ന താരത്തിന്റെ പ്രതിഭയെ തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഓരോ മത്സരത്തിനു ശേഷവും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.