ബാഴ്സ വിട്ട് ചേക്കേറേണ്ട ക്ലബ് തീരുമാനിച്ച് ലയണൽ മെസ്സി.

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിടാനുള്ള താല്പര്യം ഇന്നലെ ക്ലബ്ബിനെ അറിയിച്ചിരുന്നു. തനിക്ക് ക്ലബ് വിടണമെന്നും അതിന് വേണ്ട സഹായസഹകരണങ്ങൾ ബാഴ്സ ചെയ്തു തരണമെന്നായിരുന്നു മെസ്സി കത്തിലൂടെ അറിയിച്ചത്. തുടർന്ന് ബാഴ്സ ബോർഡ് യോഗം വിളിച്ചു ചേർക്കുകയും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഒഫീഷ്യൽ തീരുമാനങ്ങൾ ഒന്നും തന്നെ ബാഴ്സ അധികൃതർ പുറത്തു വിട്ടിട്ടില്ല.

പക്ഷെ മെസ്സിക്ക് ക്ലബ് വിടണമെന്നുള്ളത് പരസ്യമായ കാര്യമാണ്. കുറച്ചു മുമ്പ് മെസ്സി തനിക്ക് ക്ലബ്‌ വിടണമെന്ന കാര്യം ഒരിക്കൽക്കൂടി ബാഴ്സ ബോർഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സ താരത്തെ വിടാനുള്ള ഒരുക്കമല്ല. താരത്തിന്റെ ഫ്രീ ട്രാൻസ്ഫർ ക്ലോസ് ജൂണിൽ അവസാനിച്ചിട്ടുണ്ട് എന്ന നിലപാടിൽ തന്നെയാണ് ബാഴ്സ ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. ഇത് തുടർന്നാൽ നിയമപരമായി മെസ്സി മുന്നോട്ട് പോവാനും സാധ്യതയുണ്ട്. ഫാബ്രിസിയോ റൊമാനൊ എന്ന ജേണലിസ്റ്റ് ആണ് ഇക്കാര്യം പുറത്തു വിട്ടത്.

അതോടൊപ്പം തന്നെ ഏത് ക്ലബിലേക്കാണ് പോവേണ്ടത് എന്ന് മെസ്സി തീരുമാനിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് മെസ്സിയുടെ ലക്ഷ്യം.മാഴ്‌സെലോ ബീച്ലർ എന്ന ജേണലിസ്റ്റ് ആണ് ഈ വാർത്ത പുറത്തു വിട്ടിട്ടുള്ളത്. ഇഎസ്പിഎൻ റിപ്പോർട്ടർ റോഡ്രിഗോയുടെയും ലോറെൻസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെസ്സി മാഞ്ചെസ്റ്റെർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി കഴിഞ്ഞ ആഴ്ച്ച സംസാരിച്ചിട്ടുണ്ട്. ഇത് പ്രകാരം പെപ് സമ്മതം മൂളുകയും ചെയ്തിട്ടുണ്ട്. രണ്ട് പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റിയുടെ ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണ്. ഇക്കാര്യത്തിൽ മെസ്സിക്ക് സിറ്റിയെ സഹായിക്കാൻ കഴിയുമെന്നാണ് പെപ് ഗ്വാർഡിയോള വിശ്വസിക്കുന്നത്.

Rate this post