മെസിയുടെ തീരുമാനം മോഹിപ്പിച്ചു, ബെക്കാമിനെ പോലെ ബാഴ്സ നായകൻ പിഎസ്ജിയിലെത്തുമെന്ന് ക്ലബ് ഡയറക്ടർ
ബാഴ്സലോണ വിടണമെന്ന മെസിയുടെ തീരുമാനം പിഎസ്ജിയെ മോഹിപ്പിച്ചുവെന്നും താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി ഫ്രഞ്ച് ക്ലബിന്റെ ഡയറക്ടറായ ലിയനാർഡോ. എന്നാൽ താരത്തിന്റെ കനത്ത ട്രാൻസ്ഫർ ഫീസ് നിലവിലെ സാഹചര്യത്തിൽ നൽകുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കനാൽ പ്ലസ് എന്ന ഫ്രഞ്ച് മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ അതു ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. മെസി ബാഴ്സലോണ വിടണമെന്ന തീരുമാനം അറിയിച്ചപ്പോൾ അതു ഞങ്ങളെ മോഹിപ്പിച്ച കാര്യമായിരുന്നു. ആ ട്രാൻസ്ഫർ യാഥാർത്ഥ്യമാക്കാൻ കഴിയുമോ എന്നും ഞാൻ ചിന്തിച്ചിരുന്നു. ചില താരങ്ങൾ നമുക്കു തൊടാൻ കഴിയാത്ത രൂപത്തിലായിരിക്കും.”
"You say to yourself, will it be f****** possible?"https://t.co/mmqSPmH2aj
— Mirror Football (@MirrorFootball) September 7, 2020
“ഡേവിഡ് ബെക്കാമിന്റെ അവസാന കാലഘട്ടം പിഎസ്ജിക്കൊപ്പമായിരുന്നു. അതു പോലെ മെസിയുടെ കരിയറിന്റെ അവസാനം പാരീസിലാകുമോ? അറിയില്ല. ഫുട്ബോളിൽ അവസാനം എല്ലാവരും ഒന്നിച്ചു ചേരും. എല്ലാവർക്കും പരസ്പരം എല്ലാം അറിയാം. അതു മുന്നോട്ടു പോവുകയും ചെയ്യും.” ലിയനാർഡോ പറഞ്ഞു.
മെസി അടുത്ത സമ്മറിൽ ബാഴ്സ വിടുകയാണെങ്കിൽ പിഎസ്ജി സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നാണ് ലിയനാർഡോയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. മെസിയെപ്പോലൊരു താരത്തെ സ്വന്തമാക്കാൻ കഴിയുന്ന മോഹിപ്പിക്കുന്ന വാഗ്ദാനം നൽകാൻ പിഎസ്ജിക്കു കഴിയുമെന്ന കാര്യത്തിലും സംശയമില്ല.