❝കണ്ണീരണിഞ്ഞ് നെയ്മര്‍, ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് ലയണൽ മെസി❞

മൂന്നു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവിൽ അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ചിരവൈരികളായ ബ്രസീലിനെ കീഴ്പെടുത്തിയാണ് അവർ കിരീടത്തിൽ മുത്തമിട്ടത്. ലോകമെമ്പാടുമുള്ള ആരാധകരുടെ ആഗ്രഹം എന്ന പോലെ തന്നെ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയപ്പോഴും തോൽവി ഏറ്റുവാങ്ങിയ ബ്രസീലിയൻ താരം നെയ്മറുടെ കണ്ണുനീരൊഴുക്കിയ ചിത്രങ്ങൾ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ നൊമ്പരമാകുന്ന കാഴ്ചയായി മാറി. ഫൈനലിൽ അർജന്റീനയെ നേരിടാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ മുൻ ബാഴ്‌സലോണ സഹ താരം മെസ്സിക്കെതിരെ കളിക്കാനുള്ള അവസരം ആസ്വദിക്കുകയാണെന്നും പി‌എസ്‌ജി താരം ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് അര്‍ജന്റീന ജയിക്കണമെന്നും അവരെയാണ് ഫൈനലില്‍ എതിരാളികളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്നും നെയ്മര്‍ പറഞ്ഞത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. അര്‍ജന്റീന ടീമില്‍ എനിക്ക്വളരെയധികം സുഹൃത്തുക്കളുണ്ടെന്നും അതുകൊണ്ടാണ് ഞാന്‍ അവരെ പിന്തുണയ്ക്കുന്നതെന്നും നെയ്മര്‍ പറഞ്ഞിരുന്നു. അര്‍ജന്റീന ടീമിലെ പല താരങ്ങളും നെയ്മറുടെ ഉറ്റ സുഹൃത്തുക്കളാണ്. ഇതില്‍ ക്യാപ്റ്റനായ മെസ്സിയുമായി താരത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്. ഫൈനൽ മത്സരത്തിൽ ആദ്യ പകുതിയിൽ മത്സരത്തിന്റെ ഏക ഗോൾ നേടി പി‌എസ്‌ജി ടീം അംഗം ഏഞ്ചൽ ഡി മരിയ നെയ്മറുടെ കിരീട സ്വപ്നങ്ങൾ തകർത്തെറിഞ്ഞിരിക്കുകയാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത നെയ്മർക്ക് പക്ഷെ ബ്രസീലിനെ കിരീടത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. സെമി വരെ ബ്രസീലിയൻ വിജയങ്ങളുടെ നെടുംതൂണായി നിന്ന 29 കാരന് ഫൈനലിൽ കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായില്ല.

ഇന്നത്തെ ഫൈനല്‍ മത്സരത്തിന് ശേഷം ഇരുവരും നടത്തിയ സ്‌നേഹ പ്രകടനത്തിന്റെ വീഡിയോ ആരാധക ഹൃദയം കീഴടക്കുകയാണ്. അര്‍ജന്റീനയുടെ താരങ്ങള്‍ വിജയാഘോഷത്തില്‍ മൈതാനം വലം വെക്കുമ്പോള്‍ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ മൈതാനത്ത് വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരയുകയായിരുന്നു. ഫൈനലിലെ തോല്‍വികളുടെ വേദന മറ്റാരെക്കാളും നന്നായറിയുന്ന മെസ്സിയെത്തി നെയ്മറെ ചേര്‍ത്തുപിടിക്കുകയും ചെയ്തു.ബ്രസീൽ കോച്ച് ടിറ്റെയും നെയ്മറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ തലതാഴ്ത്തി കണ്ണീര് ജേഴ്‌സില്‍ തുടച്ച് മൈതാനത്ത് നെയ്മര്‍ മുട്ടുകുത്തി. സമീപത്ത് അര്‍ജന്റീനയുടെ ആഘോഷം തുടരവെയാണ് നെയ്മറുടെ അടുത്തെത്തി ഏറെ നേരം ആലിംഗനം ചെയ്ത് നിന്ന് മെസി ആശ്വസിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ നെയ്മറുടെ കിരീടങ്ങൾ ഇതുവരെ വന്നത് 2013 കോൺഫെഡറേഷൻ കപ്പിലും 2016 റിയോ ഒളിമ്പിക്സിലുമാണ്. യുവതലത്തിൽ നെയ്മർ 2011 ൽ സൗത്ത് അമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പും 2012 ലണ്ടൻ ഒളിമ്പിക്സിൽ ഒരു വെള്ളി മെഡലും നേടി.

Rate this post