മെസിയോ റൊണാൾഡോയോ, പ്രിയതാരത്തെ വെളിപ്പെടുത്തി ശുഭ്‌മാൻ ഗിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി മികച്ച പ്രകടനം നടത്തിയ താരമാണ് ശുഭ്‌മാൻ ഗിൽ. മത്സരത്തിൽ സെഞ്ചുറി നേടിയ ഗില്ലിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് മുംബൈ ഇന്ത്യൻസിനെ മറികടന്ന് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ എത്തിയത്. ഫൈനലിൽ അവർ മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

ക്രിക്കറ്റർ എന്നതിലുപരിയായി മികച്ചൊരു ഫുട്ബോൾ ആരാധകൻ കൂടിയാണ് ഗിൽ. ഫുട്ബോൾ കാണാനും പിന്തുണ നൽകാനും സമയം കണ്ടെത്തുന്ന ഗിൽ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ച താരമെന്ന ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഖത്തർ ലോകകപ്പിന് മുൻപ് ഈ ചോദ്യത്തിന് ഇന്ത്യയുടെ തകർപ്പനടിക്കാരൻ നൽകിയ ഉത്തരം ലയണൽ മെസിയെന്നായിരുന്നു.

“മെസ്സിക്കും റൊണാൾഡോയ്ക്കും ഇടയിൽ, മെസ്സിയുടെ അഭിനിവേശത്തെയും അവിടെയെത്താൻ അദ്ദേഹം പല ശാരീരിക അസ്വസ്ഥതകളെ അതിജീവിച്ചുവെന്നതും ഞാൻ അഭിനന്ദിക്കുന്ന കാര്യമാണ്. ശരീരപ്രകൃതി ഇങ്ങനെയാണെങ്കിലും അദ്ദേഹത്തിന്റെ കരിയർ ഞെട്ടിപ്പിക്കുന്നതാണ്. പോർച്ചുഗലിനും അർജന്റീനയും വെച്ച് നോക്കുമ്പോൾ, മെസ്സി കാരണം അർജന്റീന ലോകകപ്പിൽ മുന്നേറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” ഗിൽ പറഞ്ഞു.

ഗില്ലിന്റെ ആഗ്രഹം പോലെ തന്നെ അർജന്റീന ലോകകപ്പിൽ മുന്നേറുകയും ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായിരുന്ന ഫ്രാൻസിനെ കീഴടക്കി കിരീടം സ്വന്തമാക്കുകയും ചെയ്‌തു. അഞ്ചു മാസങ്ങൾക്കിപ്പുറം മറ്റൊരു ഫൈനലിന് ഗിൽ ഇറങ്ങുമ്പോൾ ടീമിന് കിരീടം സ്വന്തമാക്കി നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

Rate this post