“ലയണൽ മെസ്സിയുടെ ഗോളിൽ കിരീടം ഉറപ്പിച്ച് പിഎസ്ജി ; തുടർച്ചയായ പത്താം ബുണ്ടസ്‌ലീഗ കിരീടവുമായി ബയേൺ ; സിരി എയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്റർ മിലാൻ”

ഫ്രഞ്ച് ലീഗ് 1 ൽ ആർസി ലെൻസിനെതിരെ 1-1 സമനിലയിൽ പിരിഞ്ഞതിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ പത്താമത്തെ ഫ്രഞ്ച് ടോപ്പ്-ഫ്ലൈറ്റ് കിരീടം നേടി. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പിഎസ്ജി കിരീടം നേടിയത്.ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 68ആം മിനുട്ടിൽ ലയണൽ മെസ്സി ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്.

നെയ്മറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ.25 വാര അകലെ നിന്ന് മെസി തൊട്ടുത്തു വിട്ട മനോഹരമായ കർളിംഗ് ഷോട്ട് അനായാസം ലെൻസ്‌ വലയിൽ പതിക്കുകയായിരുന്നു. ലീഗ് വണ്ണിൽ പിഎസ്ജിക്കായി മെസിയുടെ നാലാം ഗോളാണ്. 88ആം മിനുട്ടിൽ ജീനിലൂടെ ആണ് ലെൻസ് സമനില നേടിയത്.രണ്ടാം സ്ഥാനത്ത്‌ നിൽക്കുന്ന മാഴ്സെ പിഎസ്ജിയേക്കാൾ 16 പോയിന്റിന് പിന്നിലാണ്. പിഎസ്ജിയിൽ എത്തിയ ആദ്യ സീസണിൽ തന്നെ ലീഗ് കിരീടം ഉയർത്താൻ മെസിക്കായി. അർജന്റീന സൂപ്പർ താരത്തിന്റെ പിഎസ്ജിക്കായുള്ള ആദ്യ കിരീടം കൂടിയാണിത്.രണ്ടാമതുള്ള മാഴ്സെക്ക് ഇനി എല്ലാ മത്സരവും വിജയിച്ചാലും പി എസ് ജിക്ക് ഒപ്പം എത്താൻ ആവില്ല.

നാലു മത്സരങ്ങൾ ഇനിയും ലീഗിൽ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിലടക്കം ബാക്കി ടൂർണമെന്റുകളിൽ ഒക്കെ കാലിടറിയ പി എസ് ജിക്ക് ഈ കിരീടം ആശ്വാസകരമാകും. ലയണൽ മെസ്സിക്ക് ലാലിഗ അല്ലാതെ ഒരു ലീഗ് സ്വന്തമാക്കാനായി എന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിന് ഉണ്ട്. പരിശീലകൻ പോചടീനോക്ക് തന്റെ പരിശീലക കരിയറിലെ ആദ്യ ലീഗ് കിരീടം കൂടിയാണിത്.34 മത്സരങ്ങളിൽ നിന്ന് 78 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള മാഴ്സക്ക് 62 പോയന്റുമാണുള്ളത്.

ബയേൺ മ്യൂണിക് തുടർച്ചയായ പത്താം തവണയും ബുണ്ടസ് ലിഗ ജേതാക്കൾ. ജർമ്മൻ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ ബൊറൂസിയ ഡോട്മുണ്ടിനെ 3-1ന് കീഴടക്കിയാണ് ബയേൺ കിരീടം ഉറപ്പാക്കിയത്. സെർജിയോ ഗ്നാബ്രി, റോബർട്ട് ലെവൻഡോവസ്കി, ജമാൽ മുസിയേല എന്നിവർ ജർമ്മൻ വമ്പൻമാർക്കായി സ്‌കോർ ചെയ്തു. ലീഗിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയാകും മുൻപാണ് ജൂലിയൻ നഗെൽസ്മാന്റെ ടീം ജേതാക്കളാകുന്നത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോട്മുണ്ട് ബയേൺ മ്യൂണിക്കിനേക്കാൾ 12 പോയിന്റിന് പിന്നിലാണ്.31 മത്സരങ്ങളിൽ 75 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്ന ബയേണെ മറികടക്കാൻ ഇനി ഡോർട്നുണ്ടിനാകില്ല. ബാക്കിയുള്ള എല്ലാ മത്സരവും ഡോർട്മുണ്ട് വിജയിച്ചാലും അവർക്ക് 72 പോയിന്റ് മാത്രമെ ആവുകയുള്ളൂ. 2012-13 സീസൺ മുതൽ ബയേൺ മാത്രമെ ബുണ്ടസ് ലീഗ നേടിയിട്ടുള്ളൂ. മൊത്തത്തിൽ ബയേണിന്റെ 32ആം ജർമ്മൻ ലീഗ് കിരീടമാണിത്.

12 മത്സരങ്ങൾ നീണ്ട എഎസ് റോമയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് ഇന്റർമിലാൻ വീണ്ടും ഇറ്റാലിയൻ ലീഗിന്റെ തലപ്പത്ത്‌. മിലാനിലെ സാൻസിറോയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്റർ മൗറീന്യോയുടെ ടീമിനെ വീഴ്ത്തിയത്. ഡംഫ്രിസ്‌, ബ്രോസോവിക്, ലൗട്ടാരോ മാർട്ടീനസ് എന്നിവർ ഇന്റർ മിലാനായി സ്‌കോർ ചെയ്തു. അർജന്റീന സ്ട്രൈക്കർ ലൗട്ടാരോ മാർട്ടീനസിന്റെ ഈ സീസണിലെ ഇരുപതാം ഗോളാണിത്. റോമയുടെ ഏക ഗോൾ മകിതാര്യൻ നേടി. സിരി എയിൽ 72 പോയിന്റുമായി ഇന്റർ മിലാനാണ് നിലവിൽ ഒന്നാംസ്ഥാനത്ത്‌. ഒരു പോയിന്റ് കുറവുള്ള എ സി മിലാൻ രണ്ടാമതാണ്. 67 പോയിന്റുള്ള നാപ്പൊളി മൂന്നാം സ്ഥാനത്തും 63 പോയിന്റുമായി യുവന്റസ് നാലാം സ്ഥാനത്തും നിൽക്കുന്നു. 58 പോയിന്റോടെ എഎസ് റോമ ഇറ്റാലിയൻ ലീഗിൽ അഞ്ചാമതാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ഘട്ടത്തിൽ തരം താഴ്ത്തൽ പരീക്ഷണം നേരിട്ട ന്യൂകാസ്റ്റിൽ നിലവിൽ മിന്നും ഫോമിൽ ആണ്. തുടർച്ചയായ നാലാം ജയവുമായി ന്യൂകാസിൽ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്ത്‌.ബ്രസീലിയൻ താരങ്ങളുടെ മികവിൽ നോർവിച്ച് സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് എഡി ഹോവിന്റെ ടീം തകർത്തത്. ജോലിന്റൺ രണ്ട് ഗോൾ നേടിയപ്പോൾ, തകർപ്പൻ ഫോമിലുള്ള ബ്രൂണോ ഗിമറൈസിന്റെ വകയായിരുന്നു മൂന്നാം ഗോൾ. സീസണിലെ ആദ്യ 14 മത്സരങ്ങളിൽ ഒറ്റയെണ്ണം പോലും ജയിക്കാൻ സാധിക്കാതെ റെലഗേഷൺ സോണിൽ അകപ്പെട്ട ടീമാണ് ഇപ്പോൾ മാസങ്ങൾക്കകം ആദ്യ പത്തിലേക്ക് കയറിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് നെയ്യ് നാല് ഗോളിന്റെ ബലത്തിലായിരുന്നു സിറ്റിയുടെ ജയം.ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വാറ്റ്ഫോർഡിനെ കീഴടക്കിയത്. റോഡ്രിയാണ് സിറ്റിയുടെ ശേഷിച്ച ഗോൾ നേടിയത്, കമാരാ വാറ്റ്‌ഫോഡിന്റെ ആശ്വാസ ഗോൾ നേടി. പ്രീമിയർ ലീഗ് മത്സരത്തിൽ നാലു ഗോളുകൾ നേടുന്ന ആദ്യ ബ്രസീലിയൻ താരമായി ജീസസ് മാറി.

പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആഴ്സനലൽ മുന്നിൽ. ടോട്ടൻഹാം ബ്രെന്റ്ഫോഡിനോട് ഗോൾ രഹിത സമനില വഴങ്ങിയതാണ് ഗണ്ണേഴ്സിന് ഗുണമായത്. അന്റോണിയോ കോണ്ടെയുടെ ടീമിനേക്കാൾ രണ്ട് പോയിന്റിന്റെ ലീഡാണ് നിലവിൽ ആഴ്സനലിനുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-1ന് തകർത്താണ് ചാമ്പ്യൻസ് ലീഗ് ബെർത്തിനായുള്ള റേസിൽ ആഴ്സനൽ പോൾ പൊസിഷനിൽ എത്തിയത്.

Rate this post