ഞങ്ങൾ എല്ലാവരും ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു:തുറന്ന് പറഞ്ഞ് മിന്നും താരം അരൗഹോ

പരിശീലകനായ സാവിക്ക് കീഴിൽ ഏവരെയും അതിശയപ്പെടുത്തുന്ന തിരിച്ചുവരവാണ് ഇപ്പോൾ എഫ്സി ബാഴ്സലോണ നടത്തിയിട്ടുള്ളത്.നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബാഴ്സലോണയാണ്.11 പോയിന്റിന്റെ ലീഡ് ഇപ്പോൾ ബാഴ്സക്കുണ്ട്. മാത്രമല്ല റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് നേടാൻ ബാഴ്സക്ക് സാധിക്കുകയും ചെയ്തിരുന്നു.

2020-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ലയണൽ മെസ്സിക്ക് ബാഴ്സയോട് വിട പറയേണ്ടി വന്നത്.പക്ഷേ ബാഴ്സ ആരാധകർ മെസ്സിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.പ്രത്യേകിച്ച് സാവിക്ക് കീഴിൽ ലയണൽ മെസ്സി കളിക്കുന്നത് കാണാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്.ലയണൽ മെസ്സിയും ബാഴ്സയെ വളരെയധികം സ്നേഹിക്കുന്നുണ്ട്.

ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരികെ എത്തുമോ? ഒരുപാട് നാളായി ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണിത്.എഫ്സി ബാഴ്സലോണക്ക് വേണ്ടി തകർപ്പൻ പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്ന പ്രതിരോധനിരതാരമാണ് റൊണാൾഡ് അരൗഹോ. അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

‘എഫ്സി ബാഴ്സലോണയിലെ എല്ലാവരും മെസ്സി തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.അദ്ദേഹം ഞങ്ങളുടെ ടീമിൽ ഉണ്ടെങ്കിൽ അത് അതിശയകരമായ ഒരു കാര്യം തന്നെയായിരിക്കും.പക്ഷേ ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് എനിക്കറിയില്ല.പക്ഷെ ഞങ്ങൾ എല്ലാവരും അദ്ദേഹം തിരിച്ചു വരുന്നതിനെ ഇഷ്ടപ്പെടുന്നു’ ഇതാണ് റൊണാൾഡ് അരോഹോ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ സഹോദരൻ ബാഴ്സയെ അപമാനിച്ചുകൊണ്ട് പറഞ്ഞത് ഇതിനിടെ വലിയ വിവാദമായിരുന്നു.എന്നാൽ അദ്ദേഹം പിന്നീട് മാപ്പ് പറയുകയും ചെയ്തു.ഈ വിഷയത്തിൽ ബാഴ്സ പ്രസിഡന്റ് ലാപോർട്ട പ്രതികരിച്ചിരുന്നു.ഇതൊന്നും മെസ്സിയും ബാഴ്സയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല എന്നായിരുന്നു ലാപോർട്ട പറഞ്ഞിരുന്നത്.

3.9/5 - (8 votes)