മാൻ ഓഫ് ദി മാച്ച് പുരസ്കാരം താൻ ആർക്ക് നൽകുമായിരുന്നുവെന്ന് വെളിപ്പെടുത്തി മെസ്സി |Qatar 2022

അങ്ങനെ ഒരിക്കൽ കൂടി അർജന്റീന മറ്റൊരു വേൾഡ് കപ്പിന്റെ ഫൈനലിൽ പ്രവേശനം നേടിയിരിക്കുന്നു. ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ അർജന്റീന രാജകീയ ഫൈനൽ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്.തകർപ്പൻ പ്രകടനം നടത്തിയ അർജന്റീന ഒരു ഘട്ടത്തിൽ പോലും ക്രൊയേഷ്യക്ക് തിരിച്ചുവരാനുള്ള അവസരങ്ങൾ നൽകിയിരുന്നില്ല.

ലയണൽ മെസ്സിയും ജൂലിയൻ ആൽവരസും തന്നെയാണ് മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ഏറെ മികച്ചു നിന്നത്. രണ്ട് ഗോളുകളാണ് ആൽവരസിന്റെ ബൂട്ടുകളിൽ നിന്നും പിറന്നത്. മെസ്സിയാവട്ടെ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ കരസ്ഥമാക്കുകയും ചെയ്തു. ഈ രണ്ടു താരങ്ങൾക്ക് പുറമേ ടീമിലെ എല്ലാവരും പോരാടിയെടുത്ത ഒരു വിജയം തന്നെയാണ് ക്രൊയേഷ്യക്കെതിരെയുള്ള വിജയം.

മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നത് മെസ്സി തന്നെയായിരുന്നു.ഈ വേൾഡ് കപ്പിൽ നാലാം തവണയാണ് മെസ്സി ഈ പുരസ്കാരം സ്വന്തമാക്കുന്നത്.മെസ്സിയെ മാറ്റിനിർത്തിയാൽ ഈ പുരസ്കാരം ആർക്ക് നൽകുമെന്നുള്ള ചോദ്യം മെസ്സിയോട് തന്നെ പത്രപ്രവർത്തകർ ചോദിച്ചിരുന്നു.ജൂലിയൻ ആൽവരസിന്റെ പേരാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

‘ ഗ്രൂപ്പ് വർക്കാണ് യഥാർത്ഥത്തിൽ അർജന്റീനയുടെ കരുത്ത്.എന്റെ ഏതൊരു സഹതാരത്തിനും ഞാൻ ഈ പുരസ്കാരം നൽകും. പക്ഷേ ഇന്ന് എല്ലാവരെക്കാളും മുകളിൽ നിന്നത് ജൂലിയൻ ആൽവരസാണ്. ഒരു അസാധാരണമായ പ്രകടനമാണ് അദ്ദേഹം ഇന്ന് പുറത്തെടുത്തത്. എല്ലാ മേഖലയിലും അദ്ദേഹം മികവ് പുലർത്തി. ഈ വേൾഡ് കപ്പിൽ ഉടനീളം അദ്ദേഹം ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറുകയായിരുന്നു. തീർച്ചയായും ഇതൊക്കെ അദ്ദേഹം അർഹിക്കുന്നുമുണ്ട് ‘ ഇതാണ് മെസ്സി തന്റെ സഹതാരമായ ആൽവരസിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

ഈ വേൾഡ് കപ്പിൽ ഇപ്പോൾ തന്നെ നാല് ഗോളുകൾ നേടാൻ ആൽവരസിന് സാധിച്ചിട്ടുണ്ട്. 5 ഗോളുകൾ വീതം നേടിയിട്ടുള്ള ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് ഇദ്ദേഹത്തിന്റെ മുന്നിലുള്ളത്. പരിശീലകനായ ലയണൽ സ്കലോണിയുടെ പ്രതീക്ഷകൾക്കും അപ്പുറമുള്ള പ്രകടനമാണ് ഈ വേൾഡ് കപ്പിൽ ആൽവരസ് കാഴ്ച്ച വെച്ചിട്ടുള്ളത്.

Rate this post
FIFA world cupLionel MessiQatar2022