അർജന്റീന ആരാധകർക്ക് സന്തോഷവാർത്ത, ലയണൽ മെസ്സി അർജന്റീനക്കൊപ്പം തുടരും,ലക്ഷ്യം 2026 ലോകകപ്പ്

ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നുമല്ല സംഭവിച്ചത്. ലോകകപ്പ് ജേതാവായി അർജന്റീനക്കൊപ്പം ഇനിയും കളിക്കണമെന്നു പറഞ്ഞ ലയണൽ മെസി ടീമിനൊപ്പം തുടരുകയാണ് ചെയ്‌തത്‌. ഇതോടെ ഏറ്റവും ചുരുങ്ങിയത് 2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെയെങ്കിലും മെസി അർജന്റീന ടീമിനൊപ്പം ഉണ്ടാകുമെന്ന് ആരാധകർ ഉറപ്പിച്ചു.

എന്നാൽ ദേശീയ ടീമിനൊപ്പമുള്ള മെസിയുടെ പദ്ധതികൾ അടുത്ത കോപ്പ അമേരിക്കയിൽ മാത്രം ഒതുങ്ങുന്നതല്ല. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം 2026ൽ നടക്കുന്ന ലോകകപ്പിലും മെസി അർജന്റീനക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ആ സമയം വരെ യൂറോപ്പിലെ ഏതെങ്കിലും മികച്ച ക്ലബിൽ തുടർന്ന് ഫോമും ഫിറ്റ്നസും നിലനിർത്താനാണ് ലയണൽ മെസി ആഗ്രഹിക്കുന്നത്.

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരത്തിനു ശേഷം ഫൈനൽ വിജയിച്ചാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനത്തിൽ മെസി മാറ്റം വരുത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ദിശാബോധത്തോടെ മുന്നോട്ടു പോകുന്ന അർജന്റീന ടീമിൽ കളിക്കുന്നത് മെസിക്ക് സന്തോഷം നൽകുന്നുണ്ടായിരിക്കും.

അടുത്ത ലോകകപ്പിൽ ഉണ്ടായേക്കില്ലെന്ന മെസിയുടെ വാക്കുകൾക്ക് അർജന്റീന ടീമിൽ നിന്നും നല്ല പ്രതികരണമല്ല ലഭിച്ചത്. താരം ടീമിൽ ഉണ്ടാകണം എന്നു തന്നെയാണ് പരിശീലകൻ സ്‌കലോണി പറഞ്ഞത്. എന്നാൽ അക്കാര്യത്തിൽ അവസാനത്തെ തീരുമാനം മെസിയാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പുറമെ ടീമിലെ താരങ്ങളും മെസി തുടരണം എന്നാവശ്യപ്പെട്ടു.

അർജന്റീന ടീമിൽ മെസി തുടരുന്നത് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യമാണ്. മെസിയുടെ പ്രകടനം വീണ്ടും ടീമിനൊപ്പം ഉണ്ടാകണമെന്ന് ഏവരും ആഗ്രഹിക്കുന്നു. അടുത്ത ലോകകപ്പിൽ ഉണ്ടാകണമെന്നത് മെസിയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ ഈ ലോകകപ്പിൽ തന്നെ മുപ്പത്തിയൊമ്പതു വയസായ താരങ്ങൾ കളിച്ചിരുന്നതിനാൽ അത് അസാധ്യമായ കാര്യമല്ല.

Rate this post